actress-chitra-lohi

തെന്നിന്ത്യൻ ചിത്രങ്ങളിലടക്കം മികവുറ്റ കഥാപാത്രങ്ങൾ ചെയ്‌ത് സിനിമാ രംഗത്തിടംപിടിച്ച നടിയാണ് ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് ചിത്ര ചലച്ചിത്ര രംഗത്തേയ്‌ക്ക് ചുവടുവയ്‌ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളാണ് നടിയെ തേടി എത്തിയത്.​ ഇപ്പോൾ സംവിധായകൻ ലോഹിതദാസിനെ കുറിച്ച് ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് ചിത്ര. "സ്‌നേഹത്തിന്റെ മന്ത്രച്ചരട് ജപിച്ചുകെട്ടിയാണ് ലോഹിതദാസ് ഓരോ വാക്കും പുറത്തു വിടുക. അവ ലഭിക്കുമ്പോൾ അളവറ്റ ആത്മവിശ്വാസവും കൂടെ ആളുണ്ടെന്ന സുരക്ഷിതത്വബോധവും ഉള്ളിലാളുമെ"ന്നും നടി പറയുന്നു. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചിത്ര മനസു തുറന്നത്.

"ചിത്തൂ...ലോഹിയുടെ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രം കാതിൽ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രച്ചരട് ജപിച്ചുകെട്ടിയാണ് ലോഹിതദാസ് ഓരോ വാക്കും പുറത്തുവിടുക. അവ ലഭിക്കുമ്പോൾ അളവറ്റ ആത്മവിശ്വാസവും കൂടെ ആളുണ്ടെന്ന സുരക്ഷിതത്വബോധവും ഉള്ളിലാളും ". പിറക്കാതെ പോയ സഹോദരന്റെ സ്ഥാനമായിരുന്നു ലോഹിക്ക് എന്റെ ജീവിതത്തിൽ. സിനിമയിലെ മുഴുവൻ പുരുഷന്മാരും എന്റെ മകളെ വഴിതെറ്റിക്കാൻ നടക്കുന്നവരാണ് എന്ന ചിന്തയോടെ ജീവിക്കുന്ന അപ്പയ്ക്ക് പോലും ലോഹിയെ വലിയ കാര്യമായിരുന്നു.

അമ്മയുടെ മരണവും അനിയത്തിയുടെ വിവാഹവും തീർത്തും ഏകാന്തയാക്കി മാറ്റിയ കാലത്ത് ലോഹിതദാസ് എനിക്കൊരു അഭയകേന്ദ്രമായിരുന്നു. അച്ഛന്റെ സ്വഭാവം നാൾക്കുനാൾ കടുത്തുവന്നു. ലൊക്കേഷനിലും വീട്ടിലും ഇടംവലം തിരിയാൻ സമ്മതിക്കില്ല. വീട്ടിലെ ലാന്റ് ഫോൺ തൊടാൻ പോലും അവകാശമുണ്ടായിരുന്നില്ല. സ്‌ക്രി്ര്രപ് കേൾക്കുന്നതിന്റെയും ജോലിയുടെയും തിരക്കിനിടയിൽ മകളെ പരിഗണിക്കുന്നതിൽ അദ്ദേഹത്തിന് വീഴ്ച വരുകയും ചെയ്തു. ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്ന നേരങ്ങളിൽ ഞാൻ ലോഹിയെ വിളിക്കും.

അച്ഛന്റെ സ്‌നേഹമില്ലായ്മയും ഒറ്റപ്പെട്ട ജീവിതത്തിന്റെ കടും കയ്പും ഇടയ്ക്കിടെ ഉള്ളിലുണരുന്ന മരണചിന്തയും പങ്കുവയ്ക്കുമ്പോൾ ലോഹി സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്. ചിത്തൂ അച്ഛന്റേത് സ്‌നേഹക്കുറവല്ല, സ്‌നേഹക്കൂടുതലാണ് എന്ന് ഒരിക്കൽ നീ മനസിലാക്കും. സൗമ്യമായ ഭാഷയിൽ സ്‌നേഹം നിറച്ചുവച്ച് ലോഹി അത് പറയുമ്പോൾ ഞാൻ പതിയെ നോർമലാകും. പക്ഷേ ഒരാഴ്ച കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ വിളിച്ച് പരാതിപ്പെട്ടി തുറക്കുകയും ചെയ്യും. മലയാളത്തിലെ നമ്പർ വൺ എഴുത്തുകാരനെയാണ് വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്നൊന്നും ചിന്തിക്കാനുള്ള പക്വത അന്നില്ലായിരുന്നു. അച്ഛന് കിഡ്നി പ്രോബ്ലം കലശലായകാലം.

ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ഉണ്ട്. ഞാനന്ന് സിനിമാഭിനയം തന്നെ ഏതാണ്ട് മറന്ന മട്ടാണ്. ആ സമയത്താണ് ലോഹി സൂത്രധാരനിലേക്ക് വിളിക്കുന്നത്. അച്ഛന്റെ രോഗവിവരം പറഞ്ഞ് ഒഴിയാൻ നോക്കിയപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. നല്ല കഥാപാത്രമാണ്. തെങ്കാശിയിലാണ് ഷൂട്ടിംഗ്. ചിത്തു രണ്ടുദിവസം അഭിനയിച്ചിട്ട് അഞ്ചു ദിവസം വീട്ടിൽ നിന്നോളൂ എന്ന് പറഞ്ഞ് നിർബന്ധിച്ചു.ലോഹിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടല്ല. എന്നോടുള്ള സ്‌നേഹാധിക്യമാണ് ആ നിർബന്ധത്തിന്റെ പ്രേരണ.