kaviyoor-ponnamma

മലയാള സിനിമകളിൽ അമ്മവേഷങ്ങളിലൂടെ എന്നും നിറഞ്ഞ് നിന്നിട്ടുള്ള താരമാണ് കവിയൂർ പൊന്നമ്മ. സത്യൻ മുതൽ ദിലീപുവരെയുള്ള നടന്മാരുടെ അമ്മയയായുള്ള കവിയൂർ പൊന്നമ്മയുടെ ഭാവപകർച്ച മലയാളികൾക്ക് എന്നും പ്രിയങ്കരമാണ്. എന്നാൽ മലായാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മയും മകനും ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ... 'കവിയൂർ പൊന്നമ്മയും മോഹൻലാലും'. മലയാളികൾക്ക് ഏറെ പ്രിയമാണ് ഈ അമ്മ മകൻ കോമ്പിനേഷൻ.

കിരീടവും, കിഴക്കുണരും പക്ഷി,​ ഭരതം,​ തുടങ്ങി എത്രയോ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇവർ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച അമ്മയും മകനുമാണെന്ന കാര്യത്തിൽ സംശയമില്ല. കിരീടത്തിൽ സേതുമാധവൻ അമ്മയുടെ മടിയിൽ കിടക്കുമ്പോൾ തലയിൽ തലോടുന്ന രംഗമെല്ലാം മനസിൽ ഒരമ്മയുടെ വാത്സല്യമുണർത്തുന്നതാണ്. ജീവിതത്തിലും ഇവർ അമ്മയും മകനുമാണെന്ന് തെറ്റിധരിച്ചിട്ടുള്ളവരുടെ എണ്ണവും കുറവല്ല.

മലയാളത്തിന്റ മഹാനടൻ മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിലും കവിയൂർ പൊന്നമ്മ അമ്മ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തനിയാവർത്തനവും വാത്സല്യവുമെല്ലാം പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നതാണ്. അടുത്ത കാലത്തായി സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ മലയാളത്തിന്റെ പ്രിയനടന്മാരുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ്.

'ലാൽ ശരിക്കും എനിക്ക് സ്വന്തം മകനെ പോലെയാണ്. ഞാൻ ഇതുവരെ ലാലിനെ പേര് വിളിച്ചിട്ടില്ല. 'കുട്ടാ' എന്ന് മാത്രമേ ലാലിനെ വിളിച്ചിട്ടുള്ളൂ. ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും എനിക്കെന്റെ മകൻ തന്നെയാണ് ലാൽ. നടനെന്നതിനുമപ്പുറം അദ്ദേഹത്തിന്റെ വീട്ടുകാരുമായും വളരെ നല്ല ബന്ധമാണുള്ളത്. മമ്മൂട്ടിയെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമാണ് ജാഡയാണെന്നും അഹങ്കാരിയാണെന്നുമൊക്കെ.​ പക്ഷേ അടുത്തറിയുന്നവർക്ക് മാത്രമേ മമ്മൂസിനെ മനസിലാവുകയുള്ളു. 'വെറും പാവമാണ്' കവിയൂർ പൊന്നമ്മ പറഞ്ഞു.