ഷാർജ: ലുലു ഹൈപ്പർ മാർക്കറ്റിൽ ആയുധങ്ങളുമായെത്തി പണം കവരാൻ ശ്രമിച്ച ആയുധധാരികളായ രണ്ട് പേരെ പിടികൂടി. പണവുമായി കടക്കാൻ ശ്രമിച്ച രണ്ട് മോഷ്ടാക്കളെ ജീവൻ പണയപ്പെടുത്തി ധീരമായി ജീവനക്കാർ തടയുകയായിരുന്നു. അൽ വഹ്ദ റോഡിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ രാത്രി തിരക്കേറിയ സമയത്തായിരുന്നു കവർച്ചാശ്രമം നടന്നത്. രണ്ട് ആഫ്രിക്കൻ വംശജരാണ് അറസ്റ്റിലായത്.
മുഖം മൂടിയിട്ട് കാഷ് കൗണ്ടറിലേക്ക് എത്തിയ ഒന്നാമൻ വലിയ കത്തികാട്ടി കാഷ്യറെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരൻ കൊള്ളക്കാരനുമായി പിടിവലി കൂടുന്നതിനിടെ രണ്ടാമനും എത്തുകയും പണം സൂക്ഷിക്കുന്ന മേശ തകർത്ത് പെട്ടി കൈക്കലാക്കുകയുമായിരുന്നു. എന്നാൽ ഇവർക്ക് സ്ഥാപനത്തിന്റെ പുറത്ത് കടക്കാനാവുന്നതിന് മുൻപേ കൂടുതൽ ജീവനക്കാരെത്തി കവർച്ചക്കാരെ തടയുകയായിരുന്നു. രണ്ടംഗ അക്രമിസംഘത്തിൽ ഒരാളെ ജീവനക്കാരും രണ്ടാമനെ പൊലീസുമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.