2019-election-date

ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് അഞ്ച് മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ ചടങ്ങിൽ വച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനോടൊപ്പം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കും.

ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ്, ജമ്മു കാശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനോടൊപ്പം നടത്താനാണ് സാധ്യത. ഏഴോ എട്ടോ ഘട്ടങ്ങളായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുക. 545 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയിൽ പൂർത്തിയാക്കുന്ന വിധത്തിൽ ആയിരിക്കും നടത്തപ്പെടുക.

ആരോപണവുമായി കോൺഗ്രസ്

അതേസമയം, കേന്ദ്രസർക്കാരിന് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രചാരണ പരിപാടികൾ നടത്തുന്നതിനും വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. 2014ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 4ന് നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് വാദം തള്ളിയ കമ്മിഷൻ ശരിയായ സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.