ബസ് ഷെൽട്ടർ കുറച്ച് ഭംഗിയോടെ തലയെടുപ്പോടെ നിർമ്മിക്കണമെന്ന് എത് ജനപ്രതിനിധിയാണ് ആഗ്രഹിക്കാത്തത്. മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് ബസ് ഷെൽട്ടർ നിർമ്മിച്ചപ്പോഴും ഇതാവും എഞ്ചിനീയർമാരുടെയും ജനപ്രതിനിധിയുടെയും മനസിലൂടെ പോയത്. സർക്കാരിന്റെ കാശെടുത്ത് നിർമ്മിക്കുമ്പോൾ കുറച്ച് നാൾ അധികം നിലനിൽക്കേണ്ടതും ആവശ്യമാണ്, അതിനാൽ കുറച്ച് കോസ്റ്റ്ലി മെറ്റീരിയൽസ് ഉപയോഗിച്ചായിരുന്നു ബസ് ഷെൽട്ടറിന്റെ നിർമ്മാണം.
ഒടുവിൽ ബസ് ഷെൽട്ടറിന്റെ പണി കഴിഞ്ഞപ്പോൾ സംഭവം നാട്ടിലാകെ പാട്ടായി അതും അഞ്ച് പൈസ പരസ്യത്തിന് നൽകാതെ, ന്യൂജൻ ട്രോളർമാരാണ് സംഭവം ഹിറ്റാക്കിയിരിക്കുന്നത്.
ബസ് കാത്ത് നിൽക്കുന്ന പൊതുജനത്തിന് വെയിലും,മഴയും ഏൽക്കാതെ കുറച്ച് സമയം കാത്ത് നിൽക്കണം ഇതാണ് ബസ് ഷെൽട്ടറിന്റെ പ്രാഥമിക ധർമ്മം. പക്ഷേ ലക്ഷങ്ങൾ (40 ലക്ഷം ചെലവാക്കിയെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു) ചെലവാക്കി കച്ചേരിത്താഴത്ത് ബസ് ഷെൽട്ടർ മനോഹരമായി നിർമ്മിച്ചപ്പോൾ മറന്നതും ഇക്കാര്യമാണ് , ഇവിടെ മഴയും വെയിലും ശരിക്കും ആസ്വദിക്കാം. ഇനി വെയിലേൽക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് കുടപിടിച്ച് നിൽക്കാനും അവസരമൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയമായതിനാൽ ഇനി ഇതിൽ രാഷ്ട്രീയം കലർത്താൻ നോക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ മറുപടിയുണ്ട്...