തിരുവനന്തപുരം: 500 രൂപയും ഒരു പൈന്റും നൽകിയാൽ പോസ്‌റ്റർ ഒട്ടിക്കാൻ ആളെ നൽകും, ആയിരം രൂപയും ഫുള്ളും ലഭിച്ചാൽ എതിർ സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറി കരി ഓയിൽ ഒഴിക്കും, സ്ഥാനാർത്ഥിയെ പുകഴ്‌ത്തി സംസാരിക്കാനുള്ള മൂന്നംഗ സംഘത്തിന് 2500 രൂപയും ഒരു ലിറ്റർ മദ്യവും കൂലി നൽകണം, എതിർ സ്ഥാനാർത്ഥിയെ താറടിച്ച് കാണിക്കുന്നതിനുള്ള അഞ്ചംഗ സംഘത്തിനുള്ള കൂലി ഒരൽപ്പം കൂടുതലാണ്. അയ്യായിരം രൂപയും രണ്ട് ലിറ്റർ മദ്യവും നൽകിയാലേ ഈ പ്രത്യേക സംഘം പണിക്ക് ഇറങ്ങൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ തൊഴിലാളികൾ എന്ന പേരിൽ പ്രചരിക്കുന്ന ഫ്ലക്സ് ബോർഡിലെ വാചകങ്ങളാണിത്.
കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രചാരണ തൊഴിലാളികൾ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നത്. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഒരു ഫോൺ നമ്പരും ഫ്ലക്‌സ് ബോർഡിൽ നൽകിയിട്ടുണ്ട്. എന്നാൽ ഒന്നാന്തരം തട്ടിപ്പാണ് ഇതിന് പിന്നിലെന്നാണ് കേരള കൗമുദി ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ മനസിലായത്. കോട്ടയം ജില്ലയിൽ എവിടെയും ഇത്തരത്തിൽ ഒരു ഫ്ലക്‌സ് ബോർഡ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആളുകളെ കബളിപ്പിക്കാൻ വേണ്ടി ഏതോ വിരുതൻ ഒപ്പിച്ച പണിയാണ് ഇതെന്നാണ് വിവരം.
അതേസമയം, ഈ തട്ടിപ്പിൽ കുടുങ്ങിയത് പാലക്കാട് പട്ടാമ്പി സ്വദേശിയും സ്വകാര്യ ബാങ്കിലെ അക്കൗണ്ടന്റുമായ വ്യക്തിയാണ് . ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പരാണ് ഫ്ലക്‌സ് ബോർഡിലുള്ളത്. ഫ്ലക്‌സ് ബോർഡിലെ കാര്യങ്ങൾ സത്യമാണോയെന്ന് അറിയാൻ നിരവധി പേർ വിളിച്ചതോടെയാണ് ഇദ്ദേഹവും ഇക്കാര്യം അറിയുന്നത്. തുടർന്ന് തന്റെ നമ്പർ ദുരുപയോഗപ്പെടുത്തിയെന്ന് കാട്ടി സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് ഇദ്ദേഹം.