1. പതിനേഴാം ലോക്സഭയിലേക്ക് ഉള്ള അംഗങ്ങളെ കണ്ടെത്താനുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപനം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനം നടത്തി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. നാല് നിയമസഭ തിരഞ്ഞെടുപ്പുകളും ഇന്ന് പ്രഖ്യാപിക്കും. സിക്കിം, ഒഡീഷ, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ജമ്മു കാശ്മീരിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത
2. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യത്താകെ തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും. മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലും അഞ്ച് വര്‍ഷത്തെ അധികാരം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ മതിയെന്ന് തീരുമാനത്തില്‍ ബി.ജെ.പി പാര്‍ലമെന്റ് പാര്‍ട്ടി യോഗം ധാരണയില്‍ എത്തുക ആയിരുന്നു
3. സജീവ രാഷട്രീയത്തിലേക്ക് തിരികെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കുമ്മനം രാജശേഖരന്‍. ആര്‍.എസ്.എസോ ബി.ജെ.പിയോ ആവശ്യപ്പെട്ടിച്ചല്ല സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നത്. ശബരിമല പ്രക്ഷോഭകാലത്ത് സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ശബരിമല വിഷയം രാഷ്ട്രീയമായി ഗുണം ചെയ്യും.
4. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി ശബരിമല മാറി. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും. സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും. പിണറായി വിജയന്‍ ആയിരക്കണക്കിന് ജനങ്ങളെ ജയിലില്‍ ആക്കിയത് രാഷ്ട്രീയമായ അടിച്ചമര്‍ത്തലുകളുടെ തെളിവാണെന്നും ഡല്‍ഹിയില്‍ കുമ്മനം.
5. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറച്ച് പി.ജെ.ജോസഫ്. എല്ലാ പ്രശ്നങ്ങളും ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം. സ്ഥാനാര്‍ത്ഥി ആക്കണമെന്ന അഭ്യര്‍ത്ഥന പാര്‍ട്ടിക്ക് മുന്നില്‍ ഉണ്ടെന്നും ജോസഫ്. പ്രതികരണം, പാര്‍ട്ടി നേതൃയോഗം ഇന്ന് ചേരാനിരിക്കെ. പാര്‍ലമെന്ററി പാര്‍ട്ടി യോഗവും സ്റ്റിയറിംഗ് കമ്മിറ്റിയുമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന നിലപാടില്‍ പി.ജെ ജോസഫ് ഉറച്ച് നില്‍ക്കുന്നതിനാല്‍ കെ.എം മാണിയുടെ നിലപാട് നിര്‍ണായകമാവും.
6. സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച വേണ്ടെന്ന് ആണ് മാണി വിഭാഗത്തിന്റെ തീരുമാനം. പി.ജെ ജോസഫ് സീറ്റ് ആവശ്യപ്പെട്ടത് അച്ചടക്ക ലംഘനമാണ് എന്നാണ് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സ്ഥാനാര്‍ത്ഥിതത്വത്തില്‍ നിന്ന് പിന്മാറണം എന്ന ആവശ്യം മാണി വിഭാഗം പി.ജെ ജോസഫിനെ അറിയിച്ചെങ്കിലും ജോസഫ് വിഭാഗം വഴങ്ങിയിട്ടില്ല. ജോസഫിന്റെ ആവശ്യം, ഗ്രൂപ്പിന്റെ പേരില്‍ അല്ല മറിച്ച് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ സീറ്റ് വേണമെന്ന്
7. ഇന്ന് ചേരുന്ന യോഗത്തിലും ഇക്കാര്യം പി.ജെ ജോസഫ് ഉന്നയിക്കും. മാണി വിഭാഗത്തിന് ആത്മവിശ്വാസം നല്‍കുന്നത് പാര്‍ലമെറന്റി പാര്‍ട്ടിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ഭൂരിപക്ഷമുള്ളതിനാല്‍ ജോസഫിനെ കൊണ്ട് അനുകൂലമായ തീരുമാനം എടുപ്പിക്കാം എന്നത്. കമ്മിറ്റി യോഗങ്ങളിലും തര്‍ക്കം മുറുകിയാല്‍ അന്തിമ തീരുമാനം കെ.എം മാണിക്ക് വിടും. ജോസഫിന് സീറ്റ് നല്‍കി പകരം മാണി വിഭാഗം പാര്‍ട്ടി സ്ഥാനം ഏറ്റെടുക്കാനുള്ള സമവായ നീക്കത്തിനും സാധ്യത
8. ലോക്സഭ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ തയ്യാറാക്കിയ സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക നാളെ ചേരുന്ന സക്രീനിംഗ് കമ്മിറ്റി പരിഗണിക്കും. പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളില്‍ ഒരു പേര് മാത്രമേ പട്ടികയിലുള്ളൂ.
9. എറണാകുളത്ത് കെ.വി. തോമസിന് പുറമേ ഹൈബി ഈഡന്റെ പേരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് പുറമേ പി.ജെ. കുര്യന്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ പേരുകളുമാണ് പട്ടികയില്‍ ഉള്ളത്. നാളെ സ്‌ക്രീനിംഗ് കമ്മറ്റി ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കി തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. ചര്‍ച്ചയ്ക്കായി മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെയും വി.ഡി സതീശനെയും പ്രത്യേകമായി ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിച്ചിട്ടുണ്ട്. 15നകം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും സാധ്യത
10. ലോക്സഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രചാരണങ്ങള്‍ക്ക് സി.പി.എം തുടക്കം കുറിക്കുന്നത്, പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെ. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രിമാര്‍, വിവിധ എല്‍.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ വിവിധ കണവെന്‍ഷനുകള്‍ക്ക് തുടക്കം കുറിക്കും.
11. ആലപ്പുഴയില്‍ നാളെ വി എസ് അച്യുതാനാന്ദനാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ആലത്തൂരില്‍ ചൊവ്വാഴ്ച പി. കെ ബിജുവിന്റെ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലും പിണറായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കരയില്‍ ആര്‍.ബാലകൃഷ്ണപ്പിള്ള ആണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. കണ്‍വെന്‍ഷനുകളോടെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പര്യടനങ്ങള്‍ക്കും ഔദ്യോഗിക തുടക്കം കുറിക്കും