insurance

നമുക്കൊരു പോളിസി എടുത്താലോ..?​ പണ്ട് ഈ ചോദ്യം കേൾക്കുമ്പോൾ വഴിമാറി നടക്കുന്ന പതിവുണ്ടായിരുന്നു നമ്മളിൽ പലർക്കും. പക്ഷേ കാലം മാറിയപ്പോൾ നമുക്കും മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതിന്റെ അടയാളമാണ് ഇക്കാലത്ത് മിക്കവർക്കും ഇൻഷുറൻസ് പോളിസികൾ ഉണ്ടെന്ന കാര്യം. രോഗങ്ങളും അപകടങ്ങളും ദുരന്തങ്ങളുമെല്ലാം എപ്പോഴാണ് നമ്മുടെ ചുറ്റുപാടിലേക്ക് കടന്നുവരുന്നത് എന്ന് പറയാൻ കഴിയില്ല.

എന്നാൽ നമ്മൾ എടുത്തിരിക്കുന്ന ഇൻഷുറൻസ് പോളിസികൾ നമ്മുടെ ജീവിതത്തിലും അതിന് ശേഷവം കുടുംബത്തിനെയും സംരക്ഷിക്കാൻ പ്രാപ്തമാണോ എന്ന് അറിഞ്ഞിട്ട് വേണം തിരഞ്ഞെടുക്കേണ്ടത്. അതിനായി പോളിസികൾ എടുക്കുന്നതിന് മുൻപ് തന്നെ അതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്. അപകടങ്ങളിൽപെടുമ്പോൾ ഇതേ ഇൻഷുറൻസ് പോളിസികൾ നമ്മുടെ രക്ഷക്കെത്തുന്നവയാണോ?​ ഇത്തരം കാര്യങ്ങളിൽ നമുക്ക് ഉറപ്പ് വേണം.

ജീവിതത്തിൽ നമ്മൾ നിർബന്ധമായും എടുത്തിരിക്കേണ്ട അഞ്ച് ഇൻഷുറൻസ് പോളിസികളെ കുറിച്ച് അറിയാം...

ലൈഫ് ഇൻഷുറൻസ്: ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് നമ്മുടെ വാർഷിക വരുമാനത്തിന്റെ പത്തിരട്ടി തുകയ്ക്കുള്ള പോളിസി വേണം തിരഞ്ഞെടുക്കേണ്ടത്. അഞ്ചു ലക്ഷം വാർഷിക വരുമാനമുള്ള ഒരാളുടെ ലൈഫ് കവർ 50ലക്ഷമെങ്കിലും വേണം. ആരോഗ്യ ഇൻഷുറൻസാവുമ്പോൾ കൂടുതൽ പ്രൊട്ടക്ഷൻ നൽകുന്ന 'ടേം ഇൻഷുറൻസ്' പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഭവന ഇൻഷുറൻസ്: ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായിരിക്കും അവന്റെ വീട്. മികച്ച കവറേജുകളിലൂടെ അതിന്റെ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എപ്പോഴാണ് ആകസ്മിക ദുരന്തങ്ങൾ നമുക്കിടയിലേക്ക് കടന്ന് വരുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല. അത്തരത്തിൽ ഒരനിഷ്ട സംഭവം ഉണ്ടായാൽ നിങ്ങൾക്ക് ശേഷം വീട്ടുകാർ പെരുവഴിയിലാവുന്ന സാഹചര്യം ഒഴിവാക്കാൻ ഭവന ഇൻഷുറൻസ് പദ്ധതികളിലൂടെ സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഭവന വായ്പ തിരിച്ചടവുകൾ ഇൻഷുറൻസ് കമ്പനി തന്നെ ഏറ്റെടുക്കും.

ആരോഗ്യ ഇൻഷുറൻസ്: ആരോഗ്യ ഇൻഷുറൻസിന്റെ കാര്യമെടുത്താൽ അഞ്ച് ലക്ഷത്തിന്റെ ഒരു ഹെൽത്ത് കവറിനൊപ്പം 15 ലക്ഷത്തിന്റെ ടോപ്പ് അപ്പോ മറ്റൊരു കമ്പനിയുടെ സൂപ്പർ ടോപ്പ് അപ്പ് പ്ലാനോ മതിയാവും. വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കവർ ചെയ്യാൻ ഇതുവഴി സാധിക്കും. പ്രായം കൂടുന്നതനുസരിച്ച് പോളിസി കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുകയും ചെയ്യും എന്ന പ്രത്യേകതയുമുണ്ട്.

ചൈൽഡ് ഇൻഷുറൻസ്: ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ പുതിയ അതിഥികൾ കൂടി ജീവിതത്തിലേക്ക് എത്തും. കുടുംബത്തിൽ കുട്ടികൾ കൂടി എത്തുമ്പോൾ നമ്മൾ പ്രധാനമായും ചൈൽഡ് ഇൻഷുറൻസ് പ്ലാനുകൾ എടുക്കേണ്ടതായുണ്ട്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ ചെലവുകൾ കൂടി മുന്നിൽ കണ്ടു വേണം ചൈൽഡ് ഇൻഷുറൻസ് പദ്ധതികൾ തിരഞ്ഞെടുക്കാൻ. വർഷങ്ങൾ കഴിയുമ്പോഴേക്കും വൻതുക സ്വരൂപിക്കാൻ കഴിയുന്ന പ്ലാനുകൾ വേണം എടുക്കാൻ.

പെൻഷൻ പ്ലാൻ: റിട്ടയർമെന്റ് കാലത്തേക്കുള്ള പദ്ധതികൾ എത്ര നേരത്തേ പ്ലാൻ ചെയ്യുന്നുവോ അത്രയും നല്ലതായിരിക്കും. ജീവിതത്തിന്റെ അവസാന കാലങ്ങളിൽ മികച്ച വരുമാനം ഉറപ്പുവരുത്തുന്ന നല്ല പ്ലാനുകൾ ഇൻഷുറൻസ് കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട്. ഇവ സ്വന്തമാക്കിയാൽ വിശ്രമ ജീവിതം വളരെ നല്ല രീതിയിൽ തന്നെ ആരുടെയും ചോദ്യങ്ങൾക്കായി കാത്തു നിൽക്കാെത ആസ്വദിക്കാനാവും.

ഇനിയിപ്പോൾ പോളിസി എടുക്കാൻ വരുന്നവരെ കാണുമ്പോൾ ഓടാൻ നിൽക്കേണ്ട. പകരം അവരോട് സംസാരിച്ച് നിങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ആവശ്യമുള്ള പോളിസികൾ തിരഞ്ഞെടുക്കാൻ മടിക്കേണ്ട...