കായംകുളം: സർക്കാർ ഗസ്റ്റ് ഹൗസ് ഭാഗികമായി പൊളിച്ചുമാറ്റിയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ രോക്ഷാകുലനായി മന്ത്രി ജി. സുധാകരൻ. തന്നെ അറിയിക്കാതെയാണ് പുതിയ നിർമ്മാണമെന്നും, പൊളിച്ചു നിർമിക്കാനുള്ള അനുവാദം ആരാണ് നൽകിയതെന്നും മന്ത്രി ചോദിച്ചു. കായംകുളം നഗരസഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രി ഗസ്റ്റ് ഹൗസ് ഭാഗികമായി പൊളിച്ചു മാറ്റിയ നിലയിൽ കണ്ടത്.
സർക്കാർ നിർമ്മാണ പ്രവർത്തനത്തിനായുള്ള ഉത്തരവ് ഇട്ടിട്ടില്ല. ഒരു വർഷം മുൻപാണ് രണ്ട് കോടി രൂപ മുടക്കി ഗസ്റ്റ് ഹൗസ് നവീകരിച്ചത്. ഇതാണ് ഇപ്പോൾ പൊളിച്ചു മാറ്റിയത്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും, ഗവൺമെന്റിന്റെ യാതൊരു ഉത്തരവും പുറപ്പെടുവിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ഉടൻ വിളിക്കും.
2014ലെ നിർമ്മാണ പ്രവർത്തന ഫണ്ടിലാണ് ഇപ്പോൾ പണി നടക്കുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മന്ത്രി വന്നപ്പോൾ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്‌ക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും സുധാകരൻ പറഞ്ഞു.