fighter-jet

ന്യൂഡൽഹി : മെയിഡ് ഫോർ ഈച്ച് അദർ ഈ വിശേഷം തന്നെയാണ് ഇവർക്ക് ചേരുന്നത്. ഇന്ത്യയുടെ വിശ്വസ്തനായ റഷ്യൻ നിർമ്മിത യുദ്ധവിമാനത്തിന് നമ്മുടെ സ്വന്തം ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ കരുത്ത് ഉടൻ ലഭ്യമാവും. കുറച്ച് നാളായി സുഖോയ് വിമാനത്തിൽ ഘടിപ്പിക്കാവുന്ന സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം നടന്നുവരികയാണ്. ഈ വർഷത്തോടെ അന്തിമ പരീക്ഷണവും കഴിഞ്ഞ് ഈ ബ്രഹ്മാസ്ത്രം ശത്രുരാജ്യത്തിന്റെ ഉറക്കം കെടുത്തി സുഖോയ്ക്ക് സ്വന്തമാവും.

ഇന്ത്യ റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ബ്രഹ്മോസ് ഇന്ത്യയ്ക്ക് ബ്രഹ്മാസ്ത്രമാണ്, ഇതിന്റെ പ്രഹരശേഷിയിൽ ശത്രുക്കളുടെ താവളങ്ങൾ നിഷ്പ്രഭമാവാൻ നിമിഷങ്ങൾ മാത്രമാണ് വേണ്ടിവരിക. ലോകത്തിലെ ഏറ്റവും വേഗതയും കൃത്യതയുമുള്ള ഈ മിസൈലുകൾ സ്വന്തമാക്കാൻ കൊതിക്കുന്ന നിരവധി രാജ്യങ്ങളാണുള്ളത്.

ബ്രഹ്മോസിന് ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തിൽ സഞ്ചരിക്കാനാവും. കരയിൽനിന്നും,ജലത്തിൽനിന്നും വായുവിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസിന്റെ പ്രത്യേക വകഭേദങ്ങൾ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിൽ അന്തരീക്ഷത്തിൽ നിന്നും തൊടുക്കാവുന്നതിന് 2.5ടൺ ഭാരമാണുള്ളത്. ഇന്ത്യയുടെ കൈവശമുള്ളതിൽ സുഖോയ് 30 യുദ്ധവിമാനങ്ങളിൽ മാത്രമേ ബ്രഹ്മോസ് വഹിക്കുവാൻ നിലവിൽ കഴിയുകയുള്ളു. കരനാവികവ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്.