തിരുവനന്തപുരം നാലാഞ്ചിറയ്ക്ക് അടുത്ത് ഒരു സ്ഥാപനത്തിനോട് ചേർന്നുള്ള കൃഷിയിടത്തിൽ രാവിലെ തന്നെ പണിക്കാർ എത്തി. പതിവുപോലെ അവരുടെ ജോലികളിൽ ഏർപ്പെട്ടു. വാഴയും, പശുവിനുള്ള പുല്ലു വളർത്തലുമാണ് പ്രധാന കൃഷി... പുല്ല് വെട്ടുന്നതിനിടയിൽ ഒരു അനക്കം. നോക്കിയപ്പോൾ ഉഗ്രൻ ഒരു മൂർഖൻ പാമ്പ്, പണിക്കാരൻ വിളിച്ച് പറഞ്ഞു. ബാക്കിയുള്ള പണിക്കാർ എത്തുന്നതിന് മുൻപ് തന്നെ മറിഞ്ഞു കിടന്ന ഒരു മരത്തിന്റെ അടിയിലേക്ക് പാമ്പ് കയറിപ്പോയി...
ഉടൻ തന്നെ വാവയെ വിളിച്ചു. വാവ വരുന്നത് വരെ പാമ്പിനെ കണ്ട സ്ഥലത്തിന് ചുറ്റും അവർ കാവലിരുന്നു. സ്ഥലത്ത് എത്തിയ വാവയോട് പാമ്പ് ഇതിനടിയിൽ തന്നെ ഉണ്ടെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. ആദ്യം മറിഞ്ഞു കിടന്ന ആ മരം മാറ്റി നോക്കിയെങ്കിലും പാമ്പിനെ കണ്ടില്ല. നിറയെ കരിയിലകളാണ്. അത് മാറ്റി നോക്കിയപ്പോൾ ഒരു ചെറിയ മാളം കണ്ടു. ഇതിനിടയിൽ ഒരാൾ പറഞ്ഞു,ഒരു മാസം മുൻപ് ഒരു പാമ്പിനെ ഇവിടെ കണ്ടിരുന്നെന്ന്.
ഇത് കേട്ട വാവ പറഞ്ഞു എന്നാൽ പാമ്പിനെ കിട്ടുകയാണെങ്കിൽ മുട്ടയും കിട്ടാൻ സാധ്യത കൂടുതലാണെന്ന്. തുടർന്ന് കുറച്ച് നേരത്തെ ശ്രമഫലമായി കുറേ മണ്ണ് മാറ്റി. ഇതിനിടയിൽ മണ്ണിനടിയിൽ ചെറിയ ഒരു അനക്കം. കുറച്ച് മണ്ണ് മാറ്റിയപ്പോൾ തന്നെ പാമ്പിന്റെ ഒരു വശം കണ്ടു. ഉടൻ വാവ പറഞ്ഞു. മുട്ടയിട്ട പാമ്പാണ് 28നും 30നും ഇടയിൽ മുട്ടകാണാൻ സാധ്യത ഉണ്ട്. അവിടെ കൂടി നിന്നവർക്ക് ആകാംക്ഷ. തുടർന്ന് പാമ്പിനെ പിടികൂടിയ വാവ കൈ കൊണ്ട് പതിയെ മണ്ണ് മാറ്റാൻ തുടങ്ങി. വാവ പറഞ്ഞതു പോലെ 30മുട്ടകൾ മണ്ണിനടിയിൽ...കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.