yamaha-mt-15-india

ഇരുചക്ര വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ വിഭാഗത്തിൽ പെടുന്ന തങ്ങളുടെ എംടി 15 എന്ന മോഡൽ മാർച്ച് 15ന് പുറത്തിറക്കുമെന്ന് യമഹ അറിയിച്ചു. നിരത്തിലിറക്കുന്നതിന് മുമ്പ് വാഹനത്തിന്റെ രൂപഭംഗി വിളിച്ചറിയിക്കുന്ന ടീസറും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കി. ജാപ്പനീസ് സൗന്ദര്യം നിറഞ്ഞൊഴുകുന്ന ബൈക്ക് ഡാർക്ക് സൈഡ് ഒഫ് ജപ്പാൻ എന്ന ടാഗ്‌ലൈനിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

yamaha-mt-15-india

വിപണിയിൽ അടുത്തിടെ പുറത്തിറക്കിയ ആർ വൺ ഫൈവ് വേർഷൻ ത്രീയുടെ നേക്കഡ് വെർഷൻ ആയിരിക്കും എംടി 15 എന്നാണ് വിവരം. പുതുതായി ഡിസൈൻ ചെയ്‌ത അടിപൊളി എൽ.ഇ.ഡി ഹെഡ്ലൈറ്റ്, മസ്‌കുലാർ ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, വീതി കുറഞ്ഞ പിൻഭാഗം തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രത്യേകതകൾ. ആർ വൺ ഫൈവ് വേർഷൻ ത്രീയുടേതിന് സമാനമായ ഡിജിറ്റർ ഇൻസ്‌ട്രുമെന്റ് കൺസോൾ, സസ്‌പെൻഷൻ തുടങ്ങിയവ എംടി 15ലും കാണും. എന്നാൽ ഇതിനോടകം തന്നെ ബംഗ്ലാദേശിൽ അടക്കം യമഹ അവതരിപ്പിച്ച മോഡലിൽ നിന്നും ചെറിയ മാറ്റങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ വരുത്തുമെന്നാണ് കരുതുന്നത്.

yamaha-mt-15-india

ആർ വൺ ഫൈവ് വേർഷൻ ത്രീയിലെ 155 സിസി എഞ്ചിൻ 19 ബി.എച്.പി കരുത്തും 14.7 എൻ.എം ടോർക്കും വാഹനത്തിന് നൽകും. സിംഗിൾ ചാനൽ എ.ബി.എസ് ആയിരിക്കും വാഹനത്തിന് നൽകുക. ഡ്യൂവൽ ചാനൽ എ.ബി.എസ് ഉള്ള വാഹനവും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയും. ആറ് സ്പീഡ് ഗിയർ ബോ‌ക്‌സിൽ പ്രവർത്തിക്കുന്ന വാഹനത്തിന് ലിറ്ററിന് 40 മുതൽ 45 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കരുതുന്നത്. വാഹനത്തിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ഇന്ത്യയിൽ തുടങ്ങിയിട്ടുമുണ്ട്. വിവിധ യമഹ ഷോറൂമുകളിൽ 5000 രൂപ നൽകിയാൽ വാഹനം പ്രീബുക്ക് ചെയ്യാം. ബജാജ് എൻ.എസ് 200, കെ.ടി.എം 125 ഡ്യൂക്ക്, ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 200 എന്നീ വാഹനങ്ങളുമായിട്ടായിരിക്കും മത്സരം.