kamal-hassan

ചെന്നൈ : സിനിമയുടെ മായികലോകത്ത് നിന്നും തന്ത്രങ്ങളുടെ രാഷ്ട്രീയ ലോകത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന തെന്നിന്ത്യൻ താരം കമലഹാസന്റെ സ്വന്തം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. മക്കൾ നീതി മയ്യമെന്ന തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ കക്ഷിയ്ക്ക് ബാറ്ററി ടോർച്ചാണ് ചിഹ്നമായി അനുവദിച്ചത്. രാജ്യത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസമാണ് കമലഹാസന്റെ പാർട്ടിക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായത്. തന്റെ പാർട്ടിക്ക് ബാറ്ററി ടോർച്ച് ചിഹ്നമായി അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ ട്വീറ്റിലൂടെ പുകഴ്ത്തിയ കമലഹാസൻ തന്റെ പാർട്ടി തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു കാലഘട്ടത്തിലേക്കുള്ള വിളക്കേന്തുമെന്ന് ട്വീറ്റ് ചെയ്തു. മക്കൾ നീതി മയ്യം തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പാർട്ടികളുമായി കൂട്ട് കൂടാതെ ഒറ്റയ്ക്ക് നിന്ന് കരുത്ത് കാട്ടാനാണ് കമലഹാസന്റെ തീരുമാനം.

രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുമെന്ന് ഏറെ നാളായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷമാണ് കമലഹാസൻ തന്റെ പാർട്ടിയുടെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. കമലഹാസനൊപ്പം രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങിയ സൂപ്പർതാരം രജനികാന്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. വരുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ശ്രദ്ധനൽകാനാണ് ഈ തീരുമാനം