ksrtc-over-speed

'അങ്കിൾ' എന്ന മലയാള ചിത്രത്തിന്റെ അവസാനം ക്രെഡിറ്റ് റോള് വരുമ്പോൾ കാണുന്നത് ഒരു ഹെയർ പിൻ വളവിലേക്ക് വരുന്ന കാറുകളാണ്. ആകാശത്ത് നിന്ന് ഡ്രോൺ വച്ചെടുത്തിരിക്കുന്ന ക്യാമറയിൽ പിന്നെ പതിയുന്നത് കുറെ നേരം പിൻതുടർന്ന ശേഷം ഹെയർ പിൻ വളവിന്റെ ഒത്ത സെന്ററിൽ വച്ച് തന്നെ മുൻപിലുള്ള വണ്ടിയെ മറു സൈഡിൽ ഇറങ്ങി ഓവർ ടെക് ചെയ്യുന്നതാണ്. ഓവർ ടെക്ക് ചെയ്യാൻ ഏറ്റവും അപകടം ഉള്ള സ്ഥലം തന്നെ തെരഞ്ഞു പിടിച്ചത് പോലെ. ഈ ഫെബ്രുവരിയിൽ ഇത്തരം ഓവർ ടെക്കിംഗിന്റെ ഭീകരത നേരിട്ട് അനുഭവിക്കേണ്ടി വന്നു.

ആറ്റിങ്ങൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ കാണുന്ന മാമം പാലം, അങ്ങോട്ടും ഇങ്ങോട്ടും പോകാൻ ഓരോ വരി മാത്രം. പാലത്തിൽ ഞാൻ കാറിൽ ചെന്നപ്പോൾ എന്റെ മുന്നിലുള്ള വഴി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പാലത്തിലേക്ക് കയറാറായപ്പോൾ നട്ടെല്ലിൽ ഇടി മിന്നലേറ്റപോലെ ദാ മുന്നിൽ കൊടുങ്കാറ്റെന്നോ ഇടിമിന്നലെന്നോ ഓമനപ്പേരിട്ട ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്!! (അൻപതിലധികം ആളുകളെ യാത്രക്കാരായി കൊണ്ട് പോകുന്ന ഒരു ബസ്സിനിട്ടിരിക്കുന്ന 'ലൈറ്റനിംഗ് എക്സ്പ്രസ്' പോലുള്ള മാരകമായ പേരിനു അവാർഡുണ്ടെങ്കിൽ അത് KSRTC നേതാക്കന്മാർക്ക് മാത്രം സ്വന്തം!!!).

ഞാൻ ബ്രേക്കിൽ മാത്രം ചവിട്ടിപ്പിടിച്ച്ചിട്ടും കാറൂ നിൽക്കുന്നില്ല... ബസ് എന്റെ ജീവന് നേരെ അങ്ങനെ പാഞ്ഞടുക്കകയാണ്. നാൽപ്പത്തി രണ്ടു വര്ഷം മുൻപ് ലണ്ടനിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ശേഷം എന്റെ ജീവനപഹരിക്കാനെന്നോണം ഒരു വണ്ടി പാഞ്ഞടുക്കുന്നത് ഇതാദ്യമാണ്.

ഇത് പോലെ ഓവര്‌ട്ടേക്കിങ്ങിൽ കൊല്ലത്തിനടുത്ത് വച്ച് ബസ് ഡ്രൈവറും കണ്ടക്ട്ടരും, എതിരെ വന്ന ലോറി ഡ്രൈവറും മരിച്ചു പോയിട്ട് മാസങ്ങളെ ആയുള്ളൂ. എനിക്ക് വണ്ടി താഴെയുള്ള ആറ്റിലേക്ക് ചാടിക്കുക അല്ലാത്ത പക്ഷം സ്പീഡിൽ വരുന്ന ബസ്സുമായി നേരിട്ടൊരു ഇടി. വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല. അവസാന നിമിഷം ഓവര്‌ട്ടേക് ചെയ്തു കൊണ്ടിരുന്ന വണ്ടികളെ 'ഒതുക്കി' ബസ് അതിന്റെ പോകേണ്ട സൈടിലേക്കു മാറി എന്റെയും കൂടെയുണ്ടായിരുന്നവരുടെയും ജീവൻ മടക്കിത്തന്നു.

ഇതേ പാലത്തിൽ വച്ച് മറ്റൊരു ദിവസം വേറൊരു ബസ്സ് ഓവര്‌ട്ടേക്കിങ്ങിനു ശ്രമിച്ചപ്പോൾ അടുത്തിരുന്ന സുഹൃത്ത് കൗമുദി ടീവീയിലെ എഡിറ്റർ അനൂപ് പ്രത്യേകം പറഞ്ഞു വഴി കൊടുക്കരുതെന്ന്. അന്ന് വഴി കൊടുത്തിരുന്നെങ്കിൽ എന്നെപ്പോലെ മറ്റൊരാളുടെ ജീവൻ അപകടത്തെ, മരണത്തെ നേരിടുമായിരുന്നു.

തന്റെയും എതിരെ വരുന്നവരുടെയും ജീവൻ അപകടത്തിലാക്കുന്ന ഓവര്‌ട്ടേക്കിംഗ് ആണ് അമിത വേഗതയ്‌ക്കൊപ്പം അപകടം വരുത്തി വയ്ക്കുന്നത്. ഓവര്‌ട്ടേക്ക് ചെയ്യുന്ന വണ്ടിയെ ഓവര്‌ട്ടേക്ക് ചെയ്യുക എന്ന വിചിത്രമായ രീതിയും ഇവിടെ കാണാം. എതിരെ വരുന്നവന്റെ ജീവൻ വച്ചാണ് ഈ കളി എന്ന് ആരും ഓർക്കുന്നില്ല.

അല്ല, ഈ മരണത്തിലേക്ക് ഇത്രയും വേഗതയിൽ ഓടിക്കുകയും ഓവര്‌ട്ടേക്ക് ചെയ്യുകയും ചെയ്യേണ്ട കാര്യമുണ്ടോ ? അതല്ല ആത്മഹത്യയാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ മറ്റുള്ളവരെക്കൂടി കൂടെ കൊണ്ട് പോകണം എന്ന് എന്താണിത്ര നിർബ്ബന്ധം ?

കാരണം ട്രാൻസ്‌പോര്ട്ടിന്റെ ചുമതലയുള്ള പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.രവിരാമൻ ലണ്ടനിൽ വച്ച് പറഞ്ഞത് 10 നും 15 നും ഇടയ്ക്ക് ആളുകൾ മുഖ്യമായും ഓവർട്ടേക്കിംഗ് കൊണ്ട് ഒരു ദിവസം മരിക്കുന്നു എന്നാണ്. പുതിയ ഗവ കണക്കുകൾ അനുസരിച്ച് പതിനഞ്ചോളം പേർ മുഖ്യമായും ഓവർടേക്കിംഗ് കൊണ്ട് ഒരു ദിവസം ഈ റോഡിൽ മരിക്കുന്നു. അതായത് ഒരു വർഷം 5000ത്തിൽ അധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുന്നു. ഇനി ഒരു താരതമ്യം കൂടി. ബ്രിട്ടൻ എന്ന രാജ്യത്ത് മൊത്തം നടക്കുന്നത് അഞ്ചിനു താഴെയുള്ള മരണമാണ്. കേരളം അതിന്റെ മൂന്നിരട്ടി മരണം കൊണ്ട് റെക്കാർഡ് ഭേദിക്കുന്നു