മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. അഭിനേതാവിനുമപ്പുറം പൃഥ്വിരാജ് ആദ്യമായി സ്വതന്ത്ര സംവിധായകൻ കൂടിയാകുന്ന ചിത്രമാണ് ലൂസിഫർ. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് ചിത്രത്തിലെ നായകൻ എന്നത് തന്നെയാണ് ലൂസിഫറിനെ ശ്രദ്ധേയമാക്കുന്ന പ്രധാനഘടകം. ഏറെ പ്രത്യേകതകളാണ് ലൂസിഫറിൽ പൃഥ്വി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റേതായി നിരവധി ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. എല്ലാം പ്രേക്ഷകന്റെ പ്രതീക്ഷകൾക്കുമപ്പുറം... വിഷുവിന് തീയേറ്ററുകൾ പൂരപ്പറമ്പാക്കാൻ സ്റ്റീഫൻ നെടുമ്പുള്ളിയും സംഘവും എത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതുവരെ കാണാത്ത മോഹൻലാലിനെ ലൂസിഫറിൽ കാണാമെന്ന് ടൊവിനോയും, ഷാജോണുമെല്ലാം പറഞ്ഞ വാക്കുകൾ പ്രേക്ഷകന്റെ ആവേശം ഉയർത്തുകയാണ്. ചിത്രത്തിന്റേതായി നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊളിറ്റിക്കൽ ത്രില്ലറായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. യുവതാരം ടൊവിനോ തോമസ് മോഹൻലാലിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒപ്പം ബോളിവുഡ് താരം വിവേക് ഒബ്രോയിയും ചിത്രത്തിലുണ്ട്. കലാഭവൻ ഷാജോൺ തന്റെ ചിത്രത്തിന്റെ തിരക്കുകൾ മാറ്റിവച്ചാണ് ലൂസിഫറിൽ അഭിനയിക്കാനായി എത്തിയത്.
വർഷങ്ങൾക്ക് മുൻപ് തന്നെ ലൂസിഫറിന്റെ പ്രഖ്യാപനം നടന്നിരുന്നു. 2016 സെപ്റ്റംബർ 15 നായിരുന്നു പൃഥ്വിരാജ് താൻ സംവിധാനത്തിലേക്ക് അരങ്ങേറ്റം നടത്തുന്ന സിനിമ വരികയാണെന്ന കാര്യം ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പുറത്ത് വിട്ടത്. പൃഥ്വിരാജിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ സിനിമയിൽ താൻ നായകനാവുന്നു എന്ന കാര്യം മോഹൻലാലും വ്യക്തമാക്കി. മുൻകാലത്ത് തന്റെ സഹപ്രവർത്തകരായിരുന്ന സുകുമാരന്റെയും ഭരത് ഗോപിയുടെയും മക്കൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ചും മോഹൻലാൽ തുറന്ന് പറഞ്ഞിരുന്നു.
അന്ന് പ്രഖ്യാപനം കഴിഞ്ഞെങ്കിലും ചിത്രത്തിന്റ ഷൂട്ടിംഗ് തുടങ്ങിയത് വളരെ വൈകിയായിരുന്നു. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും തിരക്കുകൾ കാരണമാണ് ഷൂട്ടിംഗ് വൈകിയത്. 2017 ഏപ്രിലോട് കൂടി ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചിരുന്നു. 2018ൽ ഒടിയന്റെ സെറ്റിൽ നിന്നും ലൂസിഫറിന്റെ തിരക്കഥയെ കുറിച്ചിട്ടുള്ള ചർച്ചകളും നടത്തിയിരുന്നു.
ഒടുവിൽ 2018 ജൂലൈ പതിനെട്ടിന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ നിന്നും ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ലക്ഷദ്വീപ്, ബാംഗ്ലൂര്‍, മുംബൈ, റഷ്യ എന്നിങ്ങനെ ലൂസിഫറിന് ലൊക്കേഷനുകൾ ധാരാളം ഉണ്ടായിരുന്നു. 2019 ജനുവരി 20 ലക്ഷ്വദീപിലായിരുന്നു ലൂസിഫറിന്റെ പാക്കപ്പ് ഷൂട്ട് നടന്നത്.
പിന്നീട് ചിത്രത്തിന്റെ പേരിൽ നിരവധി അഭ്യൂഹങ്ങൾ ഉയർന്നുവന്നെങ്കിലും അതെല്ലാം തെറ്രാണെന്നും ഇത്തരം കള്ളപ്രചരണങ്ങൾ നടത്തി ചിത്രത്തിന് ആവശ്യമില്ലാത്ത ഹൈപ്പുകൾ നൽകരുതെന്നും പൃഥ്വിരാജും, മോഹൻലാലും, മുരളിഗോപിയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
തുടർന്ന് സ്റ്റീഫൻ നെടുമ്പുള്ളിയുടെ ആദ്യ പോസ്റ്റർ പുറത്തെത്തിയതോടെ ആരാധകരുടെ ആവേശം ഉയരുകയായിരുന്നു. പിന്നീടെത്തിയ ടീസർ വൻചലനം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി വിഷുവിന് തീയേറ്ററുകളിലെത്തും. ഇതിനോടകം ഫാൻസ് ഷോകളും ഏകദേശം ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.