അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വാക്കുകളാണ് 'ഹൗ ഈസ് ദ ജോഷ്'. ഉറി സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ അടിസ്ഥാനമാക്കിയെടുത്ത ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഡയലോഗാണിത്.
പ്രധാനമന്ത്രിയുൾപ്പെടെ നിരവധി പേരാണ് വിവിധ സന്ദർഭങ്ങളിൽ ഈ വാക്ക് പിന്നീട് ഉപയോഗിച്ചത്. പാകിസ്ഥാനിൽ മിറാഷ് വിമാനങ്ങൾ ബോംബ് വർഷിച്ച് പാക് തീവ്രവാദത്തിന് ചുട്ട മറുപടി നൽകിയപ്പോഴും ഹൗ ഈസ് ദ ജോഷ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ചിത്രം പുറത്തുവന്നതിന് പിന്നാലെ ഈ വാക്കുകളുടെ അർത്ഥം തേടിയിറങ്ങിയത് നിരവധി പേരാണ്.
പ്രേക്ഷകരുടെ അന്വേഷണങ്ങൾക്കൊടുവിൽ സംവിധായകൻ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തന്റെ ബാല്യകാല സ്മരണയിലുണ്ടായിരുന്ന ഒരു വാക്കാണ് ഇത് എന്നാണ് ഉറി ചിത്രത്തിന്റെ സംവിധായകനായ ആദിത്യധർ വെളിപ്പെടുത്തിയിരിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് ഡിഫൻസ് വകുപ്പിലുള്ള സുഹൃത്തുക്കൾക്കൊപ്പം പതിവായി ആർമി ക്ലബുകളിൽ പോകാറുണ്ടായിരുന്നു. ആ സമയത്ത് ഒരു റിട്ടയേർഡ് ബ്രിഗേഡിയർ കുട്ടികൾക്കെല്ലാം ചോക്ലേറ്റ് വിതരണം ചെയ്യുമായിരുന്നു.' ഹൗ ഇസ് ദ ജോഷ്' എന്ന് അദ്ദേഹം വിളിച്ച് ചോദിക്കുമ്പോൾ 'ഹൈ സർ' എന്ന് മറുപടി നൽകണം. ഏറ്റവും ഉച്ചത്തിൽ മറുപടി നൽകുന്ന ആളിന് അദ്ദേഹം ചോക്ലേറ്റ് തരുമായിരുന്നു.അങ്ങനെ മനസിൽ പതിഞ്ഞതാണ് ആ വാക്കുകൾ. വളരെ കുറച്ച് ആർമിക്കാർ മാത്രമേ ആ വാക്കുകൾ ഉപയോഗിച്ച് കേട്ടിട്ടുള്ളൂ. സിനിമയിൽ ഉപയോഗിച്ച് ശ്രദ്ധിക്കപ്പെട്ടതോടുകൂടി ആ വാക്കുകൾക്ക് മറ്റൊരു തലം കൈവരുകയായിരുന്നു. കിട്ടിയ സ്വീകരണത്തെ മാസ്മരികവും മനോഹരമുമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.