kc-venugopal

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. സംഘടനാ ചുമതലയുള്ളത് കൊണ്ട് ഇത്തവണ മത്സരിക്കാൻ ഇല്ലെന്ന് താൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇരുന്ന് കൊണ്ട് ആലപ്പുഴയിൽ മത്സരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള നിർണായക ചർച്ച നാളെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ആലപ്പുഴയോ വയനാടോ വേണുഗോപാൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം,​ വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴയിൽ ബി.ബാബുപ്രസാദിനെ സ്ഥാനാർത്ഥി ആക്കണമെന്ന് കോൺഗ്രസ് ഐ വിഭാഗം നിർദ്ദേശിച്ചു. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയും ഐ ഗ്രൂപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. എറണാകുളത്ത് കെ.വി തോമസിന് പകരം വി.ജെ പൗലോസിന്റെ പേരാണ് ഗ്രൂപ്പ് നിർദേശിക്കുന്നത്. ചാലക്കുടിയിൽ ഇന്നസെന്റിനെതിരെ മാത്യു കുഴൽനാടനേയും, തൃശൂരിൽ ജോസ് വള്ളൂരിനേയും ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നു. വണ്ടൂർ എം.എൽ.എ എ.പി അനിൽ കുമാറിനെയാണ് ആലത്തൂരിലേക്ക് ഐ ഗ്രൂപ്പ് പിന്താങ്ങുന്നത്. വയനാട് സീറ്റിലേക്ക് കെ.പി അബ്‌ദുൾ മജീദിനേയും ഷാനിമോൾ ഉസ്മാനേയും പാലക്കാട് സീറ്റിൽ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനേയും ആറ്റിങ്ങലിൽ അടൂർ പ്രകാശിനേയും ഗ്രൂപ്പ് ശുപാർശ ചെയ്യുന്നു.