ശ്രീനഗർ: പുൽവാമയിൽ 40 സി.ആർ.പി.ജവാന്മാരെ കൂട്ടക്കൊല ചെയ്‌ത ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം 23 വയസുള്ള മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിർ അഹമ്മദ് ഖാൻ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ വിദഗ്ദ്ധനായ ഇലക്‌ട്രീഷനാണ്. ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്പോടക വസ്‌തുക്കളും ഏർപ്പാടാക്കിയത് ഇയാളാണ്.
സി. ആർ. പി വ്യൂഹത്തിൽ കാർബോംബ് ഇടിച്ചു കയറ്റിയ ഭീകരൻ അദിൽ അഹമ്മദ് ദർ ഓപ്പറേഷന് മുൻപ് ഇയാളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.
പുൽവാമ ജില്ലയിലെ ത്രാലിൽ മിർമൊഹള്ളയിലാണ് താമസിച്ചിരുന്നത്. തൊഴിലാളിയുടെ പുത്രൻ.ബിരുദം എടുത്ത ശേഷം ഐ.ടി. ഐയിൽ നിന്ന് ഒരു വർഷത്തെ ഇലക്‌ട്രിഷൻ ഡിപ്ലോമ പാസായി.
2017ലാണ് ഇയാൾ ജയ്ഷെ മുഹമ്മദിൽ ചേർന്നത്. ആദ്യം സംഘടനയുടെ പുറം ജോലികൾ ചെയ്‌തിരുന്ന ഇയാൾ ക്രമേണ ഭീകരാക്രമണത്തിൽ പരിശീലനം നേടി മുൻനിരയിലേക്ക് വരികയായിരുന്നു. കാശ്‌മീർ താഴ്‌വരയിൽ ജയ്ഷെ ഭീകരഗ്രൂപ്പിന് പുനർജന്മം നൽകിയ നൂർ മുഹമ്മദ് താന്ത്രേ എന്ന നൂർ ത്രാലി ആണ് ഇയാളെ ഭീകരതയിലേക്ക് കൈപിടിച്ച് നയിച്ചത്.
2017 ഡിസംബറിൽ താന്ത്രേ കൊല്ലപ്പെട്ടു. 2018 ജനുവരി 14ന് ഖാൻ വീട്ടിൽ നിന്ന് അപ്രത്യക്ഷനായി. അന്നുമുതൽ ജയ്ഷെയിൽ സജീവം.
2018 ജനുവരിയിൽ അഞ്ച് ജവാന്മാർ കൊല്ലപ്പെട്ട ലെത്പൊറ ഭീകരാക്രമണത്തിലും അക്കൊല്ലം ഫെബ്രുവരിയിൽ സുൻജവാൻ സൈനിക ക്യാമ്പിൽ ആറ് ജവാന്മാർ കൊല്ലപ്പെട്ട ഭീരാക്രമണത്തിലും പങ്കുണ്ട്.
പുൽവാമ ആക്രമണത്തിന് മാരുതി ഇക്കോ മിനി വാൻ ആണ് ഉപയോഗിച്ചത്. ആക്രമണത്തിന് പത്ത് ദിവസം മുൻപ് സജ്ജദ് ഭട്ട് എന്ന ഭീകരൻ ആണ് ഈ വാൻ വാങ്ങിയത്.