നെയ്റോബി: 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി അഡിസ് അബാബയിൽ നിന്ന് കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി എത്യോപ്യൻ എയർലൈൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 33 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി അഡിസ് അബാബയിലെ ബൊലെ എയർപോർട്ടിൽ നിന്ന് പ്രാദേശിക സമയം രാവിലെ 8.38ന് പുറപ്പെട്ട വിമാനം 62 കിലോമീറ്റർ അകലെ ബിഷൗഫ്തുവിൽ 8.44നാണ് തകർന്നുവീണത്. വിമാനം പറന്നുയർന്ന ഉടൻ വേഗതാ വ്യതിയാനം സംഭവിക്കുകയും സിഗ്നൽ വിച്ഛേദിക്കപ്പെടുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബോയിംഗ് 737 സിരീസിലെ ഏറ്റവും പുതിയതും കൂടുതൽ വിറ്റഴിയുന്നതുമായ മോഡലാണ് തകർന്നുവീണ വിമാനം. ബോയിംഗ് 737ൽ പെട്ട ഒരു വിമാനം കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യയിൽ തകന്നുവീണ് 189 പേർ മരിച്ചിരുന്നു. എത്യോപ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനി ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. 2010 ജനുവരിയിലും എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നിട്ടുണ്ട്. ബെയ്റൂട്ടിൽനിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ ഈ വിമാനം തകർന്നു വീഴുകയായിരുന്നു.
കൊളംബിയയിൽ വിമാനാപകടത്തിൽ 14 മരണം
ബൊഗാട്ട: കൊളംബിയയിൽ വിമാനം തകർന്നുവീണ് യാത്രക്കാരായ പന്ത്രണ്ടു പേർ മരിച്ചു. മീറ്റാ പ്രവിശ്യയിലെ സാൻ കാർലോ ഡിഗ്വാറ മുനിസിപ്പാലിറ്റിയിൽ ശനിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. കൊളംബിയയുടെ തെക്ക് കിഴക്കൻ മേഖലയിലെ വില്ലാവിസെൻസ്യോയിലാണിത്. വോപ്പസ് നഗരത്തിലെ മേയർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ലേസർ ഏറോ എയർലൈൻസിന്റെ ഡൗഗ്ലസ് ഡി.സി 3 വിമാനമാണ് തകർന്നുവീണത്. തെക്കൻ കൊളംബിയയിലെ സാൻ ജോസിൽ നിന്ന് വിയ്യാവിസെൻഷ്യോ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാരണം വെളിപ്പെടുത്തിയിട്ടില്ല.