election-dates

ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന് തുടങ്ങും. മേയ് 23നാണ് ഫലപ്രഖ്യാപനം. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജൂൺ മൂന്ന് വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി. തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഏപ്രിൽ 23ന് ഒറ്റഘട്ടമായാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

#WATCH live from Delhi: Election Commission of India addresses a press conference. https://t.co/E0yEp9LHYq

— ANI (@ANI) March 10, 2019

വോട്ടെടുപ്പ് ഇങ്ങനെ

ഒന്നാം ഘട്ടം - ഏപ്രിൽ 11

രണ്ടാം ഘട്ടം - ഏപ്രിൽ 18

മൂന്നാം ഘട്ടം - ഏപ്രിൽ 23

നാലാം ഘട്ടം - ഏപ്രിൽ 29

അഞ്ചാം ഘട്ടം - മേയ് 6

ആറാം ഘട്ടം- മേയ് 12

ഏഴാം ഘട്ടം - മേയ് 19

ഫലപ്രഖ്യാപനം - മേയ് 23


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും വിവിധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ചകൾ നടത്തിയതായും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിലുള്ള ചർച്ചകൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്താകമാനം 90 കോടി വോട്ടർമാരാണുള്ളത്. 8.4 കോടി പുതിയ വോട്ടർമാരുണ്ട്. പുതിയ വോട്ടർമാർക്കായി 1950 എന്ന ടോൾഫ്രീ നമ്പർ ഏർപ്പെടുത്തും. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും കമ്മിഷന് സമർപ്പിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.