ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്നി അംഗത്തിന് തയ്യാറെടുക്കുന്ന കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് ലഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് മക്കൾ നീതി മയ്യത്തിനടക്കം 39 പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചത്. ടോർച്ച് ചിഹ്നം ലഭിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് നന്ദിയറിയിക്കുന്നുവെന്നും കമൽ പറഞ്ഞു. തമിഴ്നാട്ടിലും ഇന്ത്യൻ രാഷ്ട്രീയത്തിലും പുതിയ യുഗത്തിന്റെ വെളിച്ചം തങ്ങൾ തെളിയിക്കുമെന്നും കമൽ ട്വിറ്ററിൽ കുറിച്ചു. ഒരു വർഷം മുമ്പാണ് കമലഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.