ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിൽ രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്നു തെളിഞ്ഞതോടെ ഇയാളെ ഉടൻ അറസ്റ്ര് ചെയ്യാനുള്ള നടപടികളിലാണ് ഇന്ത്യ. ലണ്ടനിലുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ വീണ്ടും ഒളിവിൽപ്പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നീരവ് മോദിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇന്റർപോളിനോടും യു.കെ അധികൃതരോടും ആവശ്യപ്പെടുന്നതെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
നീരവ് ലണ്ടൻ വിടാതെ നോക്കണമെന്ന് ഇന്റർപോളിനോടു സി.ബി.ഐ ആവശ്യപ്പെടും. 2018 ആഗസ്റ്റിൽ തന്നെ നീരവ് യു.കെയിലുണ്ടെന്ന് സി.ബി.ഐക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ യു.കെയിൽ എവിടെയാണ് എന്ന കാര്യം വ്യക്തമായില്ല. ഇക്കാര്യം വ്യക്തമായതോടെ ഇനി അറസ്റ്റാണ് നീരവിനെതിരായ നടപടി. പിന്നീടു തെളിവുകൾ ഇന്ത്യ യു.കെയ്ക്കു കൈമാറും. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, പണത്തട്ടിപ്പ് കുറ്റങ്ങളാകും ഇയാൾക്കെതിരെ ചുമത്തുക. നീരവിന്റെ ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാക്കിയ സാഹചര്യത്തിൽ ഏത് രേഖ ഉപയോഗിച്ചാണ് നീരവ് വിദേശയാത്ര നടത്തുന്നതെന്ന് പരിശോധിക്കാൻ യു.കെ അധികൃതരോട് സി.ബി.ഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് സംഘം ഉടൻ ലണ്ടനിലെത്തിയേക്കും.