ഇസ്ലാമാബാദ്: പ്രകോപനമേതുമില്ലാതെ അതിർത്തിയിൽ ഇന്നലെയും പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചു. നിയന്ത്രണരേഖയിൽ പൂഞ്ച് ജില്ലയിലെ നാലിടങ്ങളിലാണ് പാകിസ്ഥാൻ ഇന്നലെ വെടിവയ്പ് നടത്തിയത്. കൃഷ്ണഗാട്ടി സെക്ടറിൽ വെടിവയ്പും ഷെല്ലാക്രമണവും നടന്നു. ഇന്നലെ പുലർച്ചെ 4.30ന് ആരംഭിച്ച വെടിയ്പ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. മേൻധർ സെക്ടറിലെ ബലോനി, മാൻകോട്ട് എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.