തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മാണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ച് ആർ.എം.പി.എെ. വടകരയിൽ കെ.കെ രമ മത്സരിക്കും. നാല് മണ്ഡലങ്ങളാണ് ആർ.എം.പി.എെ മത്സരിക്കുകയെന്നും നേതാക്കൾ വ്യക്തമാക്കി. വടകര, കോഴിക്കോട്, ആലത്തൂർ, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. കേന്ദ്ര കമ്മറ്റി അംഗീകാരത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാവുമെന്നും ആർ.എം.പി.എെ നേതാക്കൾ പറഞ്ഞു.
കേരളത്തിൽ സി.പി.എമ്മിനെതിരെയും കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെയും ശക്തമായ പ്രചാരണം ആരംഭിക്കും. സി.പിഎമ്മിന്റെ ആക്രമണ രാഷ്ട്രീയത്തെയും ജനവിരുദ്ധ നയങ്ങളും രാഷ്ട്രീയ ആയുധമാക്കും. വടകരയിൽ ശക്തമായി മത്സരം കാഴ്ചവെക്കാനാണ് പാർട്ടിയുടെ തീരുമാനം.
നാല് മണ്ഡലങ്ങളിലും പ്രധാനപ്പെട്ട പാർട്ടി സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കും. ആരെങ്കിലും പിന്തുണ നൽകാൻ തയ്യാറായി വന്നാൽ ആ അവസരത്തിൽ അക്കാര്യത്തെ കുറിച്ച് തീരുമാനമെടുക്കും. ഇതുവരെ കോൺഗ്രസുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ല. സി.പി.എമ്മന്ന മുഖ്യശത്രുവിനെതിരെയുള്ള പോരാട്ടമാണ് പ്രധാനമെന്നും ആർ.എം.പി.എെ നേതാക്കൾ പറഞ്ഞു.