model-

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് പെരുമാറ്റച്ചട്ടത്തിൽ ഉള്ളത്. മറ്റു കാര്യങ്ങൾ കൂടാതെ, നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്നും പെരുമാറ്റച്ചട്ടം സർക്കാരിനെ തടയുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ ഫലം പ്രഖ്യാപിക്കുന്നതുവരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കും.

തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മര്യാദകളും നിയന്ത്രണങ്ങളുമാണ് മാതൃകാ പെരുമാറ്റച്ചട്ടം. പ്രസംഗങ്ങളിലും പ്രസ്താവനകളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ, തിരഞ്ഞെടുപ്പ് പ്രകടനപത്രിക, പ്രചാരണ ഉപാധികൾ, റാലികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിൽ പാലിക്കേണ്ട മര്യാദകൾ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുന്നു.

വിദ്വേഷ പ്രസ്താവനകൾ നടത്തുന്നതും വോട്ടർമാരെ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതുമെല്ലാം മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. 1960ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചുപോന്നു. 1979ൽ അധികാരത്തിലിരിക്കുന്ന പാർട്ടി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കാനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം വികസിപ്പിച്ചു. സോഷ്യൽ മീഡിയ വഴി രാഷ്ട്രീയ പരസ്യങ്ങൾ നൽകരുത് എന്ന നിർദ്ദേശം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകൾക്കും ഗൂഗിളിനും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

മാതൃകാ പെരുമാറ്റച്ചട്ടത്തിലെ നിയന്ത്രണങ്ങൾ ഇവയാണ്

പൊതുവായ പെരുമാറ്റം, യോഗങ്ങൾ, പ്രകടനം, തിരഞ്ഞെടുപ്പ് ദിവസം, തിരഞ്ഞെടുപ്പ് ബൂത്ത്, നിരീക്ഷകർ, അധികാരത്തിൽ ഇരിക്കുന്ന പാർട്ടി, തിരഞ്ഞെടുപ്പ് പ്രകടനപത്രിക തുടങ്ങിയവയെ കൈകാര്യം ചെയ്യാനായി എട്ട് നിബന്ധനകളാണ് മാതൃക പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചട്ടം നിലവിൽ വരുന്ന സമയം മുതൽ അധികാരത്തിൽ ഇരിക്കുന്ന പാർട്ടി, കേന്ദ്രത്തിലാണെങ്കിലും സംസ്ഥാനത്തിലാണെങ്കിലും, തങ്ങളുടെ ഔദ്യോഗിക പദവി പ്രചാരണത്തിനായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സമ്മതിദാനത്തെ സ്വാധീനിക്കുന്ന വിധം പുതിയ നയങ്ങളോ, പ്രോജക്ടുകളോ, പദ്ധതികളോ പ്രഖ്യാപിക്കാൻ പാടില്ല. പൊതു ഖജനാവിലെ പണമുപയോഗിച്ചു വിജ്ഞാപനങ്ങൾ നിർമ്മിക്കുകയോ ഔദ്യോഗിക ബഹുജനമാധ്യമമുപയോഗിച്ചു നേട്ടങ്ങൾക്ക് പ്രചാരം നൽകി തിരഞ്ഞെടുപ്പ് വിജയത്തിനുള്ള സാദ്ധ്യത വർ്ദധിപ്പിക്കാനോ പാടില്ല.

മന്ത്രിമാർ ഔദ്യോഗിക സന്ദർശനങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കാനോ അല്ലെങ്കിൽ ഔദ്യോഗിക സംവിധാനങ്ങൾ ഈ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കാനോ പാടില്ലായെന്നു ചട്ടം അനുശാസിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭരിക്കുന്ന പാർട്ടിക്ക് സർക്കാർ വാഹനങ്ങളോ മറ്റു സംവിധാനങ്ങളോ ഉപയോഗിക്കാൻ സാധിക്കില്ല. ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താൻ മൈതാനങ്ങൾ പോലുള്ള പൊതുസ്ഥലങ്ങൾ അനുവദിക്കുന്നതും, ഹെലിപാഡ് പോലുള്ള സംവിധാനങ്ങൾ നല്കുന്നതുമെല്ലാം അതു പോലെ തന്നെ പ്രതിപക്ഷ പാർട്ടിക്കും നൽകുന്നുണ്ടെന്ന് ചട്ടം ഉറപ്പ് വരുത്തണം.

പൊതു ഖജനാവിലെ പണമുപയോഗിച്ചു പത്രങ്ങളിലും മറ്റു മാദ്ധ്യമങ്ങളിലും വിജ്ഞാപനം നടത്തുന്നത് നിയമലംഘനമായി കണക്കാക്കപ്പെടും. സമ്മതിദായകരെ സ്വാധീനിക്കുന്ന രീതിയിൽ സർക്കാർ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ പൊതു സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള നിയമനങ്ങൾ നടത്താൻ ഭരിക്കുന്ന സർക്കാരിന് സാധിക്കില്ല.

രാഷ്ട്രീയ പാർട്ടികളെയോ സ്ഥാനാർത്ഥികളെയോ അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ജാതിയുടെയോ വർഗീയ വികാരങ്ങളുടെ പേരിൽ വിമര്‍ശിച്ച്‌ സമ്മതിദായകരെ സ്വാധീനിക്കാൻ പാടില്ല. തിരഞ്ഞെടുപ്പ് പ്രൊപ്പഗണ്ടയുടെ ഭാഗമായി ക്രിസ്ത്യന്‍ പള്ളികൾ, മുസ്‌ലിം പള്ളികൾ, അമ്പലങ്ങൾ അല്ലെങ്കിൽ മറ്റേതു ആരാധനാലയങ്ങളും ഉപയോഗിക്കാൻ പാടില്ല. സമ്മതിദായകരുടെ പേരിലുള്ള ആൾമാറാട്ടം, ഭീഷണിപ്പെടുത്തൽ, കൈകൂലി നൽകുക എന്നിവ വിലക്കിയിരിക്കുന്നു. തിരഞ്ഞെടുപ്പ് അവസാനിക്കുന്ന സമയത്തിന് നാല്പത്തിയെട്ടു മണിക്കൂർ മുൻപേയുള്ള സമയത്ത് പൊതുയോഗങ്ങൾ നടത്തുന്നത് നിരോധിച്ചിരിക്കുകയാണ്. ഈ നാല്പത്തിയെട്ടു മണിക്കൂർ അറിയപ്പെടുന്നത് ‘തിരഞ്ഞെടുപ്പ് നിശബ്ദത’ സമയമെന്നാണ്. ഈ ആശയം ഒരു സമ്മതിദായകന് വോട്ട് നല്കുനന്നതിനു മുൻപ് നടന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു തന്റെ വോട്ട് രേഖപ്പെടുത്താനുള്ള ഒരു പ്രചാരണമുക്തമായ അന്തരീക്ഷം നൽകാനാണ്.