കൊച്ചി: പേ ഓർഡർ ഇടപാട് സംബന്ധിച്ച കേസിൽ ഫെഡറൽ ബാങ്ക് നാല് കോടി രൂപ, 18 ശതമാനം പലിശസഹിതം കോടതി നിയമിച്ച കസ്‌റ്രോഡിയന് കൊടുക്കണമെന്ന ബോംബെ ഹൈക്കോടതി സ്‌പെഷ്യൽ ബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്‌റ്രേ ചെയ്‌തു. വിവാദ സ്‌റ്രോക്ക് ബ്രോക്കർ ഹർഷദ് മേത്തയുടെ വിധവ ജ്യോതി മേത്ത നൽകിയ കേസിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഫെഡറൽ ബാങ്കിന്റെ വാദം കേൾക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്രേ ചെയ്‌തത്.
1992ൽ, മറ്റൊരു സ്‌റ്രോക്ക് ബ്രോക്കറും ഫെഡറൽ ബാങ്കിന്റെ ബോംബെ ശാഖാ ഇടപാടുകാരനുമായ കിഷോർ ജനാനി, മസ്‌ദ ഇൻഡസ്‌ട്രീസ് ആൻഡ് ലീസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ പേരിൽ നാല് കോടി രൂപയുടെ ഒരു പേ ഓർഡർ (ലോക്കൽ ഡിമാൻഡ് ഡ്രാഫ്‌റ്ര്) ഫെഡറൽ ബാങ്കിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ, മസ്‌ദ കമ്പനി ഈ പേ ഓർഡർ പണം കൈപ്പറ്രാനായി ബാങ്കിൽ ഹാജരാക്കിയില്ല. 1994ൽ, പേ ഓർഡർ റദ്ദുചെയ്‌ത് പണം തിരികെ നൽകണമെന്ന ആവശ്യവുമായി കിഷോർ ജനാനി ബാങ്കിലെത്തി.
എന്നാൽ, മസ്‌ദ പേ ഓർഡർ ഹാജരാക്കാത്തതിനാലും ഇതുസംബന്ധിച്ച എൻ.ഒ.സി നൽകാത്തതിനാലും, പേ ഓർഡർ റദ്ദാക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് കിഷോർ ജനാനിയെ ബാങ്ക് അറിയിച്ചു. മാത്രമല്ല, മറ്ര് രണ്ട് അക്കൗണ്ടുകളിലായി പത്തു കോടിയിലേറെ രൂപ കിഷോർ ജനാനി ബാങ്കിന് തിരിച്ച് നൽകാനുമുണ്ടായിരുന്നു. ഇതിപ്പോൾ പലിശസഹിതം 50 കോടി രൂപയ്‌ക്കുമേൽ ആയിട്ടുണ്ട്.
മരണപ്പെട്ട ഹർഷദ് മേത്തയുടെ ഭാര്യ ജ്യോതി ഇതിനിടെ, ആ പേ ഓർഡറിൽ നൽകാനുള്ള പണം ഹർഷദിന്റെ അക്കൗണ്ടിൽ നിന്നാണ് ജനാനിയുടെ അക്കൗണ്ടിലേക്ക് വന്നതെന്നും പണം കോടതി നിയമിച്ച കസ്‌റ്രോഡിയന് കൈമാറാൻ ബാങ്കിനോട് ആവശ്യപ്പെടണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹർഷദിന്റെ വസ്‌തുക്കൾ കസ്‌റ്റഡിയിൽ എടുക്കാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ കസ്‌റ്റോഡിയന് നാലുകോടി രൂപ, 1992 മുതലുള്ള 18 ശതമാനം പലിശസഹിതം ഒരുമാലസത്തിനകം ഫെഡറൽ ബാങ്ക് നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ സ്‌പെഷ്യൽ ബെഞ്ച് വിധിച്ചു.
ഇതിനെതിരെ ഫെഡറൽ ബാങ്ക് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ്, ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്രേ ചെയ്‌തത്. ബാങ്കിന്റെ വാദത്തിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നടപടിയെന്ന് ഫെഡറൽബാങ്ക് റിക്കവറി ഡിപ്പാർട്ട്‌മെന്റ് വൈസ് പ്രസിഡന്റ് ടി.എ. മുഹമ്മദ് സജീർ പറഞ്ഞു. കേസ് സുപ്രീം കോടതി ഏപ്രിൽ 10ന് വീണ്ടും പരിഗമിക്കും. മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേ, ഹാരിസ് ബീരാൻ എന്നിവരാണ് ഫെഡറൽ ബാങ്കിനുവേണ്ടി ഹാജരായത്.