വാഷിംഗ്ടൺ: യു.എസിന്റെ ഏറ്റവും പുതിയ ബഹിരാകാശ പേടകമായ ഡ്രാഗൺ ക്രൂ കാപ്‌സ്യൂൾ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8: 45ന് ഫ്ലോറിഡ തീരത്ത് നിന്നും അകലെ അത്‌ലാന്റിക്ക് സമുദ്രത്തിൽ നാല് പാരച്ച്യൂട്ടുകളുടെ സഹായത്തോടെയാണ് തിരിച്ചിറങ്ങിയത്. എലൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയാണ് കാപ്‌സ്യൂൾ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഭൂമിയിൽ നിന്ന് പുറപ്പെട്ട വാഹനം ഈ മാസം മൂന്നിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. അഞ്ച് ദിവസം അവിടെ തങ്ങിയശേഷമാണ് ഇന്നലെ വിജയകരമായി ഭൂമിതൊട്ടത്.
തിരിച്ചിറങ്ങിയ വാഹനത്തിന് സാരമായ കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. ദൗത്യം പൂർത്തിയാക്കി ഡ്രാഗൻ കൃത്യ സമയത്താണ് തിരിച്ചെത്തിയെതെന്ന് നാസ ട്വീറ്റ് ചെയ്തു. ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ദൗത്യം ആദ്യമായാണ് വിജയകരമായി പൂർത്തിയാക്കുന്നത്.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പേസ് എക്‌സിന്റെ സുപ്രധാന ചുവടുവെപ്പാണ് ഡ്രാഗൺ ക്ര്യൂ കാപ്‌സ്യൂൾ. മനുഷ്യനെ ഉൾപ്പെടുത്തിയുള്ള യാത്രയ്ക്ക് മുമ്പായി പേടകത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായാണ് മാർച്ച് രണ്ടിന് ശനിയാഴ്ച ഡ്രാഗൺ ക്ര്യൂ കാപ്‌സ്യൂൾ വിക്ഷേപിച്ചത്. സെൻസറുകൾ ഘടിപ്പിച്ച ഒരു ഡമ്മി മാത്രമാണ് പേടകത്തിലുണ്ടായിരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ മടങ്ങുന്നു. പേടകത്തിന്റെ താഴ്ഭാഗം വേർപെടുന്നു
ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ദിശമാറ്രി സഞ്ചാരം
അന്തരീക്ഷത്തിലേക്ക് എത്തുന്നതോടെ താപനില 1600 സെൽഷ്യസ്
സുരക്ഷിത ലാൻഡിംഗിനായി മുൻ ഭാഗത്തുനിന്ന് നാല് പാരച്യൂട്ടുകൾ തുറക്കുന്നു
ഫ്ലോറിഡ തീരത്ത് സുരക്ഷിത ലാൻഡിംഗ്