ന്യൂഡൽഹി: റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ പട്ടാളത്തൊപ്പി വച്ചിറങ്ങിയ ഇന്ത്യൻ ടീമിനെതിരെ നടപടി വേണമെന്ന പാകിസ്ഥാന്റെ ആരോപണം വിലപ്പോകില്ല. മത്സരത്തിൽ പട്ടാളത്തൊപ്പി വച്ചിറങ്ങാൻ ഇന്ത്യൻ ടീം നേരത്തേ തന്നെ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അനുവാദം വാങ്ങിയിരുന്നതായി ഐ.സി.സിയിലെ ഒരു പ്രമുഖ അംഗം കഴിഞ്ഞ ദിവസം വ്യക്തമാക്കി. പട്ടാളത്തൊപ്പി ധരിച്ച് കളിക്കാനിറങ്ങുന്നതിനായി ബി.സി.സി.ഐ നേരത്തേ തന്നെ ഐ.സി.സി സി.ഇ.ഒ ഡേവ് റിച്ചാർഡ്സണിന്റെ അനുമതി വാങ്ങിയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ഐ.സി.സിയിലെ പ്രമുഖ അംഗം വെളിപ്പെടുത്തിയത്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 44 സൈനികർക്ക് ആദരമർപ്പിച്ചും നാഷണൽ ഡിഫൻഡ്സ് ചാരിറ്രി ഫണ്ടിലേക്ക് തുക കണ്ടെത്താനുമായിരുന്നു ഇന്ത്യൻ ടീം പട്ടാളത്തൊപ്പിയണിഞ്ഞ് കളിച്ചത്. മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രതിഫലം പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് നൽകുകയും ചെയ്തു. എന്നാൽ പട്ടാളത്തൊപ്പി ധരിച്ചിറങ്ങി ഇന്ത്യ കളിയിൽ രാഷ്ട്രീയം കലർത്തിയെന്നും ഇന്ത്യയ്ക്കെതിരെ ഐ.സി.സി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി രംഗത്തെത്തിയിരുന്നു.