sob-madhu

കടമ്പനാട് : കുഞ്ഞിന്റെ ചോറൂണിന് പോയ കുടുംബം സഞ്ചരിച്ചിരുന്ന ആട്ടോറിക്ഷ മറിഞ്ഞ് പിതാവ് മരിച്ചു. വയല ബ്ലോക്ക് പടി ജംഗ്ഷൻ ഈട്ടിവിളയിൽ മധു (30) ആണ് മരിച്ചത് .ഇന്നലെ പുലർച്ചെ 5.30ന് കടമ്പനാട് ഏഴംകുളം മിനിഹൈവേയിൽ മണ്ണടി ആലുംമൂട്ടിൽ വളവിലാണ് അപകടം. മധുവിന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായി മണ്ണടി കല്ലേലിക്ഷേത്രത്തിലേക്ക് വരികയായിരുന്നു. ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ വച്ചാണ് അപകടം നടന്നത് .
എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയിൽ ആട്ടോറിക്ഷ നിയന്ത്രണംവിട്ടുമറിയുകയായിരുന്നു. ഇടത് സൈഡിലിരുന്നു യാത്രചെയ്ത മധു റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മധുവിനൊപ്പം യാത്രചെയ്തിരുന്ന ഭാര്യ അശ്വതി, മക്കളായ അശ്വിൻ, അദ്വൈത്, ആട്ടോ ഡ്രൈവർ ബാബു എന്നിവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മധുവിന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.