auto
പ്രതികൾ സഞ്ചരിച്ചി രുന്നഓട്ടോറിക്ഷ അന്വേഷണ സംഘം പരിശോധിക്കുന്നു

തൃക്കാക്കര : ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം റോഡുവക്കിൽ തള്ളാൻ ഉപയോഗിച്ച ആട്ടോറിക്ഷ കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപം ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ശനിയാഴ്ച പുലർച്ചെ ജിബിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറഞ്ഞുകിടക്കുകയായിരുന്നു. ആദ്യം വാഹനാപകടമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പരിസരത്ത് അപകടം നടന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഓലിക്കുഴിയിലെ യുവതിയുമായി ജിബിന് ബന്ധമുണ്ടെന്ന് കണ്ടെത്തി.
യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് കൊലപാതകമാണെന്ന് വ്യക്തമായി. പ്രതികളെക്കുറിച്ചും സൂചന ലഭിച്ചു. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലുപേരെ ഇന്നലെ പിടികൂടി.
പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്ത് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി ടിവി പരിശോധിച്ചപ്പോൾ പ്രതികൾ കൊലയ്ക്ക് ശേഷം ആട്ടോയും കാറും ഉപയോഗിച്ച തായി കണ്ടെത്തി. കാറിൽ പ്രതികൾ ജില്ല വിട്ടെന്നാണ് സൂചന. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.

മരണം തലയ്ക്കേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇടതു കണ്ണിനു മുകളിലും പരിക്കുകളുണ്ട്. സംഘം ചേർന്നുള്ള ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെഞ്ചിനു ഗുരുതരമായ ചതവുകളുണ്ട്. പുലർച്ചെ രണ്ടു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു.