nia

ന്യൂഡൽഹി: ഭീകരർക്ക് ധനസഹായം ചെയ്ത കേസിൽ ജമ്മുകാശ്മീരിലെ വിഘടനവാദി നേതാക്കളായ മിർവായിസ് ഉമർഫാറൂഖിനും നസീം ഗിലാനിക്കും ദേശീയ അന്വേഷണ ഏജൻസി നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് നസീം ഗിലാനിക്ക് എൻ.ഐ.എ നോട്ടീസയക്കുന്നത്. എന്നാൽ ഹുറിയത്തിന്റെ മുതിർന്ന നേതാവായ മിർവായിസ് ഉമർഫാറൂഖിന് നോട്ടീസയക്കുന്നത് ആദ്യമായാണ്. അവാമി ആക്‌ഷൻ കമ്മിറ്റിയുടെ ചെയർമാനാണ് ഉമർ ഫാറൂഖ്.

തിങ്കളാഴ്ച എൻ.ഐ.എ ആസ്ഥാനത്ത് സ്വമേധയാ ഹാജരാകാനാണ് സമൻസിൽ എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.

2017ൽ ഉമർ ഫാറൂഖിന്റെ സഹായിയാരുന്ന ഷാഹിദുൾ ഇസ്ലാമിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം വിഘടവാദി നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഭീകര സംഘടനയായ ലഷ്‌കറെ തയ്ബയ്ക്ക് സഹായം ചെയ്തതായുള്ള കത്ത് കണ്ടെടുത്തിരുന്നു.