പ്രിമിയർ ലീഗിൽ ലിവർപൂളിനും മാഞ്ചസ്റ്രർ സിറ്രിക്കും ജയം
സിറ്രി താരം സ്റ്റെർലിംഗിന് 13 മിനിറ്റിനിടെ ഹാട്രിക്ക്
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്റ് ടേബിളിൽ മുന്നിലുള്ള മാഞ്ചസ്റ്രർ സിറ്റിയും ലിവർപൂളും കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ജയം നേടി ചാമ്പ്യൻ പട്ടത്തിനായുള്ള പോര് കടുപ്പിച്ചു. നിലവിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്രർ സിറ്റി സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വാറ്റ് ഫോർഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ 13 മിനിറ്റിനിടെ ഹാട്രിക്ക് നേടിയ റഹിം സ്റ്റെർലിംഗാണ് സിറ്റിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 46, 50,59 മിനുറ്റുകളിലായിരുന്നു റഹിമിന്റെ ഗോളുകൾ പിറന്നത്. 66-ാം മിനിറ്റിൽ ഡിലോഫുവാണ് വാറ്റഫോർഡിന്റെ ആശ്വാസഗോൾ നേടിയത്. ജയത്തോടെ 30 മത്സരങ്ങളിൽ നിന്ന് സിറ്രിക്ക് 74 പോയിന്റായി.
ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലിവർപൂൾ 4-2ന് ബേൺലിയെയാണ് കീഴടക്കിയത്. രണ്ട് ഗോളുകൾ വീതം നേടിയ റോബർട്ടോ ഫിർമിനോയും സാഡിയോ മനെയുമാണ് അവരുടെ വിജയശില്പികൾ. വെസ്റ്റ്വുഡും ഗുഡ്മുണ്ട്സണുമാണ് ബേൺലിക്കായി ലക്ഷ്യം കണ്ടത്. ആറാം മിനിറ്റിൽ കോർണറിൽ നിന്ന് വെസ്റ്റ് വുഡ് ബേൺലിയെ മുന്നിലെത്തിച്ചെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല.
30 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ലിവർപൂൾ പോയിന്റ് ടേബിളിൽ സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ്. അതേ സമയം മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്സ്പർ സൗത്താംപ്ടണോട് 1-2ന് തോറ്റു. ഹാരികേനിന്റെ ഗോളിൽ 26-ാം മിനിറ്റിൽ മുന്നിലെത്തിയ ടോട്ടനത്തെ 76-ാം മിനിറ്റിൽ വലേറിയും 81-ാം മിനിറ്റിൽ വാർഡ് പ്രൗസും നേടിയ ഗോളുകളിലൂടെ സൗത്താംപ്ടൺ കീഴടക്കുകയായിരുന്നു.