ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ജെയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ മുദാസിർ അഹമ്മദ് ഖാൻ ആണെന്ന് റിപ്പോർട്ട്. മുഹമ്മദ് ഭായി എന്ന് അറിയപ്പെടുന്ന ഇയാൾക്ക് 23 വയസ് മാത്രമേ ഉള്ളുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ഓടിച്ചു കയറ്റിയ ആദിൽ അഹമ്മദ് ധർ മുദാസിറുമായി നിരന്തരം ബന്ധം പുലർത്തിയരുന്ന. ബിരുദധാരിയായ ഇയാൾ ഇലക്ട്രീഷ്യൻ കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.
ത്രാളിലെ മിർ മൊഹാലയിൽ താമസിക്കുന്ന മുദാസിർ 2017 മുതൽ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തി. കാശ്മീർ താഴ്‌വരയിൽ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിർ ഖാനെ തീവ്രവാദത്തിലേക്ക് ആകർഷിച്ചത്. 2017ൽ കാശ്മീരിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ താന്ത്രി കൊല്ലപ്പെട്ടതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട് മുദാസിർ ജെയ്‌ഷെയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. 2018 ജനുവരിയിൽ ലെത്‌പോരയിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും ഫെബ്രുവരിയിൽ സുജ്‌വാനിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.