കോഴിക്കോട്: വടകരയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരിടാൻ ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ. രമ ഇറങ്ങിയേക്കും. വടകര, കോഴിക്കോട്, തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിൽ മത്സരിക്കാൻ ഇന്നലെ കോഴിക്കോട്ടു ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.വടകരയിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാകും മത്സരിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വടകരയിൽ മത്സരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. കേന്ദ്രത്തിൽ മതേതര ജനാധിപത്യ മുന്നണി ശക്തിപ്പെടുത്താനുള്ള നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്നും നരേന്ദ്ര മോദിയുടെ വർഗീയ- ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രചാരണം ഊർജ്ജിതമാക്കുമെന്നും വേണു വിശദീകരിച്ചു.
കേരളത്തിൽ മുഖ്യശത്രുവായ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ ബി.ജെ.പി ഒഴികെ മറ്റു കക്ഷികളുമായി ചർച്ചകൾ നടത്തും. ആരെങ്കിലും പിന്തുണ പ്രഖ്യാപിച്ചാൽ അപ്പോൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും. കോൺഗ്രസുമായി ചർച്ച നടന്നിട്ടില്ല. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥി വടകരയിൽ വന്നാൽ പിന്തുണയ്ക്കുന്ന കാര്യം അപ്പോൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം വടകരയിൽ പി. ജയരാജന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാമെന്ന നിലപാടിൽ നിന്ന് ആർ.എം.പി പിന്നാക്കം പോയത്. പരസ്യമായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതിന് എതിരെ പാർട്ടിക്കകത്ത് എതിർപ്പുയരുകയും ചെയ്തു.