യുവാക്കളെയും മനസിൽ ഇന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മുതിർന്നവരെയും ഒരുപോലെ ഉന്നമിട്ട് ഹോണ്ട അവതരിപ്പിച്ച പുത്തൻ എക്സിക്യൂട്ടീവ് സെഡാനാണ്, ഓൾ ന്യൂ സിവിക്. 1970കളിൽ വിപണിയിലെത്തിയ സിവികിന്റെ പത്താംതലമുറ പതിപ്പാണിത്. നാലരപ്പതിറ്റാണ്ടിനിടെ ഒമ്പത് തലമുറകളിലായി, രണ്ടരക്കോടിയിലേറെ ഉപഭോക്താക്കളെ ഇതിനകം സിവിക് സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയിൽ അരലക്ഷത്തിലേറെ സിവിക് കാറുകൾ നിരത്തിൽ കാണാം.
പ്രതിവർഷം എട്ടുലക്ഷത്തിലേറെ സിവിക് കാറുകളുടെ വില്‌പനയാണ് 170 രാജ്യങ്ങളിലായി ഹോണ്ട കാഴ്‌ചവയ്ക്കുന്നത്. പത്താംതലമുറയിലേക്ക് എത്തുമ്പോൾ ഹോണ്ടയുടെ മനസിലുള്ളത് വില്‌പനയിൽ വൻ കുതിപ്പ് നേടുകയെന്ന ലക്ഷ്യം മാത്രം. ഇതിനായുള്ള മികവുറ്റ ചേരുകളെല്ലാം പുത്തൻ സിവിക്കിൽ കാണാം.
ആകർഷവും ഉന്നത ഫീച്ചറുകളാൽ സമ്പന്നവുമാണ് പുതിയ സിവിക്. 1.8 ലിറ്റർ ഐ-വിടെക് പെട്രോൾ, 1.6 ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിൻ വകഭേദങ്ങളാണുള്ളത്. പെട്രോളിൽ വി., വി.എക്‌സ്., ഇസഡ് എക്‌സ് എന്നീ വേരിയന്റുകളുണ്ട്. സി.വി.ടി ട്രാൻസ്‌മിഷൻ സംവിധാനം നൽകിയിരിക്കുന്നു. ലിറ്രറിന് 16.5 കിലോമീറ്രർ മൈലേജ് ഈ എൻജിൻ നൽകും. വി.എക്‌സ്., ഇസഡ്.എക്‌സ് വേരിയന്റുകളുള്ള ഡീസൽ മോഡൽ വാഗ്‌ദാനം ചെയ്യുന്നത് ലിറ്രറിന് 26.8 കിലോമീറ്റർ മൈലേജാണ്. 6സ്‌പീഡ് മാനുവലാണ് ട്രാൻസ്‌മിഷൻ. പെട്രോൾ വേരിയന്റിന് 17.69 ലക്ഷം മുതൽ 20.99 ലക്ഷം രൂപവരെയും ഡീസൽ പതിപ്പിന് 20.49 ലക്ഷം മുതൽ 22.29 ലക്ഷം രൂപവരെയുമാണ് വില.
ആകർഷകമായ അഞ്ച് നിറഭേദങ്ങളാണ് പുത്തൻ സിവിക്കിനുള്ളത്. ഡി.ആർ.എല്ലോടു കൂടിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഇലക്‌ട്രിക് സൺറൂഫ്, പിന്നിലേക്ക് ഒഴുകി വീഴുന്നപോലെയുള്ള മുകൾഭാഗം എന്നിവയാണ് പുറംമോടിയെ ആകർഷകമാക്കുന്നത്. 17-ഇഞ്ച് അലോയ് വീലുകൾ സ്‌പോർട്ടീ ലുക്കും ഉറപ്പാക്കുന്നുണ്ട്. ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ്, പ്രീമിയം ലെതർ സീറ്റുകൾ, എട്ടുവിധം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്‌ട്രിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർ ബാഗുകൾ എന്നിങ്ങനെ സവിശേഷതകളാൽ സമ്പന്നമാണ്, വിശാലമായ അകത്തളം. അഞ്ച് മുതിർന്നവർക്ക് സിവിക്കിൽ സുഖയാത്ര ചെയ്യാം.