vt-balram

തിരഞ്ഞെടുപ്പ് പെരുമാറ്രച്ചട്ടം നിലവിൽ വന്നതോടെ അരയും തലയും മുറുക്കി രാഷ്ട്രീയ പാർട്ടികൾ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയാണ്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ആദ്യ വെടിപൊട്ടിച്ചിരിക്കുന്നത് കോൺഗ്രസ് എം.എൽ.എയായ വി.ടി ബൽറാമാണ്.

വടകരയിലെ സി.പി.എം സ്ഥാനാർത്ഥി പി.ജയരാജനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ബൽറാം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. 'ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണമെന്ന് ഇലക്ഷൻ കമ്മീഷൻ. വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങൾ സ്പെഷൽ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ.’ ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ബൽറാമിന്റെ പോസ്റ്റിനെ പിന്തുണച്ച് കൊണ്ട് നിരവധി കോൺഗ്രസ് പ്രവർത്തകരാണ് രംഗത്ത് എത്തിയിക്കുന്നത്. ബലറാമിന്റെ പരിഹാസത്തിനെതിരെ സി.പി.എം പ്രവർത്തകരും പ്രതികരിക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. പ്രസംഗങ്ങളിലും പ്രസ്താവനകളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ, തിരഞ്ഞെടുപ്പ് പ്രകടനപത്രിക, പ്രചാരണ ഉപാധികൾ, റാലികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിൽ പാലിക്കേണ്ട മര്യാദകൾ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയ വഴി രാഷ്ട്രീയ പരസ്യങ്ങൾ നൽകരുത് എന്ന നിർദ്ദേശം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകൾക്കും ഗൂഗിളിനും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.