നാലാം ഏകദിനത്തിൽ ആസ്ട്രേലിയയ്ക്ക് 4 വിക്കറ്റിന്റെ വിജയം
ശിഖർ ധവാനും ഹാൻഡ്സ്കോമ്പിനും സെഞ്ച്വറി
ഓസീസ് വിജയമുറപ്പിച്ചത് ടർണറുടെ വെടിക്കെട്ട്
കമ്മിൻസിന് 5 വിക്കറ്റ്
ചണ്ഡിഗഡ് : ചന്നംപിന്നം റൺമഴ കണ്ട നാലാം ഏകദിനത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് കീഴടക്കി ആസ്ട്രേലിയയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ശിഖർ ധവാന്റെ (143) സെഞ്ച്വറിയുടെയും രോഹിത് ശർമ്മയുടെ (95) അർദ്ധ സെഞ്ച്വറിയടെയും പിൻബലത്തിൽ നിശ്ചിത അമ്പതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി.
എന്നാൽ പതറാതെ പൊരുതിയ ആസ്ട്രേലിയ പീറ്രർ ഹാൻഡ്സ് കോമ്പിന്റെ (116) സെഞ്ച്വറിയുടെയും ഉസ്മാൻ ഖ്വാജയുടെ (91) അർദ്ധ സെഞ്ച്വറിയുടെയും ആഷ്ടൺ ടർണറിന്റെ വെടിക്കെട്ടിന്റെയും (പുറത്താകാതെ 43 പന്തിൽ 84) മികവിൽ 47.5 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തി (359/6). ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആസ്ട്രേലിയ 2-2ന് ഒപ്പമെത്തി.
ഇന്ത്യ ഉയർത്തിയ വലിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ആസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ ഫിഞ്ചും (0), ഷോൺ മാർഷും (6) ഭുവനേശ്വറിന് മുന്നിൽ ക്ലീൻബൗൾഡായി പവലിയനിൽ തിരിച്ചെത്തുമ്പോൾ ആസ്ട്രേലിയൻ സ്കോർ ബോർഡിൽ 12 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ഉസ്മാൻ ഖ്വാജയും ഹാൻഡ്സ്കോമ്പും തകർച്ചയിൽ നിന്ന് ഓസീസിനെ കരകയറ്റുകയായിരുന്നു.ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 192 റൺസാണ് ഓസീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. മൂന്നാം ഏകദിനത്തിലെപ്പോലെ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ഖ്വാജയെ (91) കുൽദീപിന്റെ കൈയിൽ എത്തിച്ച് ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 99 പന്തിൽ 7 ഫോർ ഉൾപ്പെട്ടതാണ് ഖ്വാജയുടെ ഇന്നിംഗ്സ്. തുടർന്നെത്തിയ മാക്സ്വെൽ (23) റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. സെഞ്ച്വറി നേടിയ ഹാൻഡ്സ്കോമ്പ് ടീം സ്കോർ 271ൽ വച്ച് ചഹാലിന്റെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി പുറത്തായി. 105 പന്ത് നേരിട്ട് 8 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ഹാൻഡ്സ്കോമ്പിന്റെ ഇന്നിംഗ്സ്. എന്നാൽ തുടർന്ന് വെടിക്കെട്ട് ബാറ്റിംഗിന്റെ കെട്ടഴിച്ച പുതുമുഖതാരം ടർണർ കളി ഇന്ത്യയുടെ കൈയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
43 പന്ത് മാത്രം നേരിട്ട് 5 ഫോറും 6 സിക്സും ഉൾപ്പെടെ ടർണർ നേടിയ 84 റൺസ് ആസ്ട്രേലിയയെ വിജയ ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യയ്ക്കായി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ഏറെക്കാലത്തിനു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ശിഖർ ധവാനും താളം കണ്ടെത്തി രോഹിത് ശർമ്മയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.
ഇരുവരും ഒന്നാം വിക്കറ്റിൽ 193 റൺസ് കൂട്ടിച്ചേർത്തു. 115 പന്ത് നേരിട്ട് 15 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ധവാന്റെ ഇന്നിംഗ്സ്. 92 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് രോഹിതിന്റെ 95 റൺസിന്റെ ഇന്നിംഗ്സ്. റിഷഭ് പന്ത് 36ഉം രാഹുൽ, വിജയ് ശങ്കർ എന്നിവർ 26 റൺസ് വീതവും നേടി. പാറ്റ് കമ്മിൻസ് ആസ്ട്രേലിയയ്ക്കായി 5 വിക്കറ്റ് വീഴ്ത്തി. റിച്ചാർഡ്സൺ 3 വിക്കറ്റ് നേടി.