ടൂറിൻ : ഇത്തവണത്തെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെയും ക്രിസ്റ്ര്യാനൊ റൊണാൾഡോയുടെയും ഭാവി ഇന്ന് രാത്രിയറിയാം. ഇന്ന് നടക്കുന്ന നിർണായകമായ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ യുവന്റസ് അത്‌ലറ്രിക്കോ മാഡ്രിഡിനെ നേരിടും. സ്വന്തം മൈതാനത്ത് യുവന്റസിനെതിരെ അവസാന നിമിഷങ്ങളിൽ നേടിയ രണ്ട് ഗോളിന്റെ വിജയം നൽകുന്ന മുൻതൂക്കവുമായാണ് ഡിയോഗോ സിമിയോണിയുടെ കുട്ടികൾ റൊണാൾഡോയേയും സംഘത്തെയും നേരിടുന്നത്. മറ്രൊരു മത്സത്തിൽ ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്റി ജർമ്മൻ ക്ലബ് ഷാൽക്കെ 04നെ നേരിടും. ഒന്നാം പാദത്തിൽ
ഷാൽക്കെയെ അവരുടെ തട്ടകത്തിൽ അവസാന നിമിഷം നേടിയ ഗോളിൽ 3-2ന് തോൽപ്പിക്കാനായത് സിറ്റിക്ക് മുതൽക്കൂട്ടാണ്. രണ്ട് മത്സരങ്ങളും രാത്രി 1.30 മുതലാണ്.
ടൂറിനിൽ ടെൻഷൻ
ഇതുവരെ കളിച്ച ഒരു മത്സരങ്ങളിലും അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിക്കാനായിട്ടില്ലാത്ത യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ മുന്നോട്ടു പോകണമെങ്കിൽ ജയിച്ചേ പറ്രൂ. യുവന്റസിന് 3-0ത്തിനെങ്കിലും ഈ മത്സരത്തിൽ ജയിക്കണം. ചരിത്രം അത്ര നല്ല സൂചനയല്ല യുവന്റസിന് നൽകുന്നത്. മസീമിലിയാനൊ അല്ലെഗ്രിയുടെ പരിശീലനത്തിൻ കീഴിൽ അല്ലിയൻസ് സ്റ്റേഡിയത്തിൽ മൂന്ന് തവണമാത്രമേ യുവന്റസ് മൂന്ന് ഗോൾ അടിച്ച് ജയം നേടിയിട്ടുള്ളൂ. ഇതു മൂന്നും ചാമ്പ്യൻസ് ലീഗിൽ ആയിരുന്നു എന്നത് മാത്രമാണ് ചെറിയ ആശ്വാസം. മറുവശത്ത് അത്‌ലറ്രിക്കോയ്ക്ക് സമനില നേടിയാൽ പോലും ക്വാർട്ടർ ഉറപ്പിക്കാം. സിമിയോണിയും സംഘവും ചാമ്പ്യൻസ് ലീഗിലെ എവേ മത്സരത്തിൽ മൂന്ന് തവണമാത്രമേ മൂന്ന് ഗോൾ വഴങ്ങിയിട്ടുള്ളൂ.
കണക്കുകൾ എന്ത് പറഞ്ഞാലും റൊണാൾഡോയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് യുവന്റസ്. റൊണാൾഡോയ്ക്കൊപ്പം ഡിബാലയും മൻസൂക്കിച്ചും ചെല്ലിനിയുമൊക്കെ ചേരുമ്പോൾ അസാദ്ധ്യമായത് സാദ്ധ്യമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അതേസമയംഅലക്സി സാൻഡ്രോയ്ക്ക് സസ്പെൻഷൻ കിട്ടിയതിനാൽ കളിക്കാനാകാത്തത് അവർക്ക് തിരിച്ചടിയാണ്. മറുവശത്ത് സൂപ്പർ സ്ട്രൈക്കർ ഡിയാഗോ കോസ്റ്രയ്ക്കും പാർട്ടോയ്ക്കും കിട്ടിയ സസ്പെൻഷനാണ് അത്‌ലറ്രിക്കോയ്ക്ക് തിരിച്ചടിയാകുന്നത്.
ആദ്യ പാദത്തിൽ അത്‌ലറ്റക്കോ മാഡ്രിഡ് 2-0ത്തിന് ജയിച്ചു. ഗോൾ നേടിയത് ജിമ്നസും ഗോഡിനും.
സസ്പെൻഷൻ : അലക്സ് സാൻഡ്രോ (യുവന്റസ്), ഡിയാഗോ കോസ്റ്ര, പാർട്ടോ (അത്‌ലറ്രിക്കോ)
അത്‌ലറ്രിക്കോയ്ക്കെതിരെ കളിച്ച 32 കളികളിൽ നിന്നായി റൊണാൾഡോ 22 ഗോളുകൾ നേടിയിട്ടുണ്ട്.
2-0ത്തിന് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ റൗണ്ടിൽ ജയിച്ച 81ശതമാനം ടീമുകളും അടുത്തറൗണ്ടിൽ എത്തിയിട്ടുണ്ട്. അതേസമയം അവസാനം ഈ സ്കോർ നില വന്ന നാല് മത്സരങ്ങളിൽ മൂന്നിലും 2-0ത്തിന് ആദ്യ പാദം ജയിച്ച ടീം തോറ്രിട്ടുണ്ട്.
ഇതുവരെ മുഖാമുഖം വന്ന മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും യുവന്റസിന് ജയിക്കാനായില്ല. 2 എണ്ണം അത്‌ലറ്രിക്കോ ജയിച്ചപ്പോൾ ഒരെണ്ണം സമനിലയായി.
ചാമ്പ്യൻസ് ലീഗിൽ ഡിയാഗോ സിമിയോണിയുടെ കീഴിൽ ഇറ്റാലിയൻ ടീമിനെതിരെ അത്‌ലറ്റിക്കോ ഇതുവരെ തോറ്റിട്ടില്ല.
നോക്കൗട്ട് റൗണ്ടിൽ അവസാനം കളിച്ച എട്ട് എവേ മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ അത്‌ലറ്രിക്കോയ്ക്ക് ജയിക്കാനായിട്ടുള്ളൂ.
ടിവി ലൈവ് : സോണി സിക്സ്
എത്തിഹാദിൽ എന്താകും
സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഷാൽക്കെ 04നെതിരെ മാഞ്ചസ്റ്രർ സിറ്രിക്ക് തന്നെയാണ് വിദഗദ്ധർ സാധ്യത കല്പിക്കുന്നത്. പ്രിമിയർ ലീഗിൽ കാണിക്കുന്ന മികവ് ചാമ്പ്യൻസ് ലീഗിൽ പുറത്തെടുക്കാനാകുന്നില്ലെന്ന കുറവ് പരിഹരിക്കുകയാണ് സിറ്റിയുടെ ലക്ഷ്യം. പെപ് ഗാർഡിയോളയെന്ന് ചാണക്യന്റെ കീഴിൽ സ്വപ്നം കാണുന്നതും യൂറോപ്യൻ ചാമ്പ്യൻപട്ടമാണ്.
ഷാൽക്കെയുടെ യൂത്ത് അക്കാഡമിയിലൂടെ വളർന്നു വന്ന ലെറോയ് സനെയാണ് ആദ്യ പാദത്തിൽ സിറ്രിയുടെ രണ്ടാം ഗോൾ നേടിയത്. 2016ലാണ് സനെ സിറ്റിയിൽ എത്തിയത്. അതുപോലെ തന്നെ സിറ്റിയുടെ യുവതാരം റാബി മറ്രൊൻഡോ കഴിഞ്ഞ ദിവസം ഷാൽക്കെയുമായി കരാറിൽ ഒപ്പു വച്ചിരുന്നു. മികവുറ്ര പോരാളികളുടെ സംഘമാണ് ഷാൽക്കെ. ആദ്യപാദത്തിൽ സിറ്രിയ്ക്കെതിരെ ഒരു ഘട്ടത്തിൽ മുന്നിൽ നിന്ന ശേഷമാണ് അവർ കീഴടങ്ങിയത്.
നോട്ട് ദ പോയിന്റ്
ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-2ന് ജയിച്ചു
ഇതുവരെ മുഖാമുഖം വന്ന 4 മത്സരങ്ങളി മൂന്നിലും സിറ്റിക്കായിരുന്നു ജയം.ഒരെണ്ണത്തിൽ ഷാൽക്കെ ജയിച്ചു.
സസ്പെൻഷൻ: ഓട്ടാമെൻഡി, ഫെർണാണ്ടിഞ്ഞോ (മാൻ.സിറ്രി)
പരിക്ക്: സ്റ്റോൺസ്, ഡി ബ്രൂയിനെ, ബ്രാവോ (മാൻ.സിറ്രി), സ്കോപ്, മസ്കാരെൽ, കലിഗുരി (ഷാൽക്കെ)
ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിൽ ആദ്യ പാദത്തിൽ മൂന്നോ അതിലധികമോ ഗോൾ നേടി ജയിച്ച ടീമുകൾ അവസാനം കളിച്ച 27 മത്സരങ്ങളിലും അടുത്ത റൗണ്ടിൽ എത്തി.
നോക്കൗട്ട് ഘട്ടത്തിൽ അവസാനം കളിച്ച 9 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ ഷാൽക്കെയ്ക്ക് ജയിക്കാനായുള്ളൂ.
മാഞ്ചസ്റ്രർ സിറ്രി സ്വന്തം മൈതാനത്ത് അവസാനം കളിച്ച രണ്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിലും തോറ്റു