ന്യൂഡൽഹി: കഴിഞ്ഞ ദിവസമുണ്ടായ എത്യോപ്യൻ വിമാനഅപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ കൂട്ടത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും. യു.എന്നിൽ പരിസ്ഥിതി വിഷയത്തിൽ ഇന്ത്യൻ കൺസൾട്ടന്റായി പ്രർത്തിക്കുന്ന ശിഖ ഗാർഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു ഇവർ.
അപകടത്തിൽ മരിച്ച മറ്റ് മൂന്ന് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വൈദ്യ പന്നഗേഷ് ഭാസ്‌കർ, വൈദ്യ ഹൻസിൻ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. ഇവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിട്ടുള്ളതായി സുഷമ സ്വരാജ് അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് എത്യോപ്യൻ എയർലൈൻസിന്റെ ഇ.ടി. 302 വിമാനം ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോഫ്തു നഗരത്തിൽ തകർന്നുവീണത്. ആഡിസ് അബാബയിൽനിന്ന് കെനിയൻ തലസ്ഥാനമായ നയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 32 രാജ്യങ്ങളിൽനിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് എത്യോപ്യൻ എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചു.