ന്യൂഡൽഹി: ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പാർട്ടികളും സ്ഥാനാർത്ഥികളും വോട്ടിംഗ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചില പ്രത്യേകതകളുണ്ട്. രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും അറിഞ്ഞിരിക്കേണ്ട ആ പ്രത്യേകതകൾ ഇവയാണ്.
രാജ്യത്തെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ വി.വി.പാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം ഉണ്ടായിരിക്കും. വോട്ട് നൽകിയ സ്ഥാനാർഥിക്ക് തന്നെയാണോ അത് ലഭിച്ചിരിക്കുന്നതെന്ന് സമ്മതിദായകന് ഈ സ്ലിപ്പിൽ കണ്ട് ബോധ്യപ്പെടാം. വോട്ട് ചെയ്ത ഉടൻ തന്നെ വി.വി.പാറ്റ് മെഷീനിൽ സ്ലിപ് പ്രത്യക്ഷമാകും. ഏഴ് സെക്കൻഡ് സമയം സ്ലിപ്പ് കാണാവുന്നതാണ്.
സ്ഥാനാർഥികൾ കഴിഞ്ഞ അഞ്ചുവർഷത്തെ ആദായനികുതി വിവരങ്ങൾ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കണം. കൂടാതെ മറ്റ് സ്വത്ത് രേഖകളുടെ വിവരങ്ങളും വെളിപ്പെടുത്തണം. വിദേശ നിക്ഷേപത്തിന്റെ വിവരങ്ങൾ കൂടി വെളിപ്പെടുത്തണമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഇലക്ട്രോണിക് ബാലറ്റ് സംവിധാനം സർവ്വീസ് വോട്ടർമാർക്കായി (സായുധസേനയിലോ സമാനമായ മേഖലയിൽ പ്രവർത്തിക്കുന്നവർ) ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇ.റ്റി.പി.ബി സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഓരോ പാർട്ടികളും അവരവരുടെ സ്ഥാനാർത്ഥികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെങ്കിൽ അത് മാദ്ധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും പ്രസിദ്ധീകരിച്ചിരിക്കണം.
സ്ത്രീകൾക്കായി എല്ലാ മണ്ഡലങ്ങളിലും ഒരു ബൂത്ത് അനുവദിച്ചിട്ടുണ്ട്.
സി-വിജിൽ ആപ്പ് വഴി തിരഞ്ഞെടുപ്പ് സംബന്ധച്ച് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും അധികൃതരെ അറിയിക്കാനുള്ള സൗകര്യം. ഇത്തരത്തിൽ നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന അക്രമങ്ങളോ ഭീഷണിപ്പെടുത്തലുകളോ എന്തുമായിക്കോട്ടെ, അതിന്റെ ഒരു ചിത്രമോ വീഡിയോയോ എടുത്ത് സി-വിജിൽ ആപ്പ് വഴി അറിയിക്കാം. വിവരങ്ങൾ ലഭിക്കുന്നിടത്തേക്ക് ഫ്ലൈയിംഗ് സ്ക്വാഡ് എത്തുന്നതായിരിക്കും.
വോട്ടുചെയ്യാൻ ഫോട്ടോ പതിച്ച വോട്ടർസ്ലിപ്പ് മാത്രം മതിയാവില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അതില്ലാത്തവർക്ക് ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റോഫീസ് പാസ്ബുക്ക്, രജിസ്ട്രാർ ജനറൽ നൽകുന്ന സ്മാർട്ട് കാർഡ് തുടങ്ങിയ 11 രേഖകൾ ഉപയോഗിക്കാവുന്നതാണ്.
ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡില്ലാതെ വോട്ടർ സ്ലിപ്പ് മാത്രമായി വരുന്നവർക്ക് വോട്ട് ചെയ്യാൻ സാധിക്കുകയില്ല.
സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ച് ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കും. പരാതികൾ അധികാരപ്പെട്ടവരെ അറിയിക്കാൻ സാധിക്കും.