ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരൻ. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ നിൽക്കാനാണ് താത്പര്യമെന്നും ഇക്കാര്യം താൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ പി.കെ.ശ്രീമതിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പിന്നാലെ കെ.സുധാകരൻ കൂടി പിന്മാറിയതോടെ ആലപ്പുഴയിലും കണ്ണൂരിലും ഇനി ശക്തരായ സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ കോൺഗ്രസിന് ഏറെ പണിപ്പെടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മത്സരിക്കാൻ ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും സുധാകരൻ പറഞ്ഞതിന് പിന്നിൽ കെ.പി.സി.സി അദ്ധ്യക്ഷ പദവിയാണ് ലക്ഷ്യമെന്നാണ് സൂചന. നേരത്തെ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തിരഞ്ഞെടുക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. പ്രസിഡന്റ് പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയും പ്രവർത്തകരിൽ ചിലർ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി മാത്രം സുധാകരനെ ഒതുക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കുകകയുമാണ് കേന്ദ്രനേതൃത്വം ചെയ്‌തത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി വടകരയിൽ മത്സരിച്ചാൽ പ്രസിഡന്റ് സ്ഥാനം തനിക്ക് ലഭിക്കുമെന്നാണ് സുധാകരന്റെ കണക്കുകൂട്ടൽ. 2014ൽ സി.പി.എമ്മിന്റെ പി.കെ.ശ്രീമതിയോട് 6566 വോട്ടുകൾക്കായിരുന്നു സുധാകരൻ പരാജയപ്പെട്ടത്. പക്ഷേ ഇത്തവണ കാര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
അതേസമയം, മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന നിലപാടെടുത്ത് പിന്മാറുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് സൂചന. കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. ഇതിന് ശേഷം ഈ മാസം 15ന് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കുമെന്നും ഫലപ്രഖ്യാപനം വരുമ്പോൾ എല്ലാ സീറ്റിലും കോൺഗ്രസ് ജയിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. വിജയസാധ്യത മാത്രം കണക്കിലെടുത്താണ് ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള അധികാരം അതത് സംസ്ഥാന കമ്മിറ്റികൾക്കാണെന്നും ആവശ്യമെങ്കിൽ ഹൈക്കമാൻഡ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.