ന്യൂഡൽഹി: നടൻ മോഹൻലാൽ പത്മഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായി മലയാള ചലചിത്ര മേഖലയ്‌ക്ക് നൽകിയ സംഭാവനയ്‌ക്കാണ് മോഹൻലാലിന് പുരസ്‌കാരം. രാഷ്ട്രപതി ഭവനിൽ വച്ചായിരുന്നു പുരസ്‌കാരദാന ചടങ്ങ്. മോഹൻലാലിന് പുറമെ സംഗീതജ്ഞൻ കെ.ജി ജയൻ, കരിയാ മുണ്ഡാ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും പ്രഭുദേവ, ഡോ.മാമൻ ചാണ്ടി എന്നിവരും പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ പത്മശ്രീ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 112 പേർക്കാണ് ഇത്തവണ പത്മാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 56 പേർക്കാണ് ഇന്ന് പത്മപുരസ്‌കാരം വിതരണം ചെയ്‌തത്. പത്മ പുരസ്‌കാര ജേതാക്കളായ മലയാളികൾക്ക് ഇന്ന് വെെകിട്ട് ആറിന് കേരള ഹൗസിൽ സ്വീകരണമൊരുക്കും. മോഹൻലാലിന് പുറമെ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ കെ.ജി ജയൻ, പുരാവസ്‌തു വിദഗ്ധൻ കെ.കെ. മുഹമ്മദ് എന്നിവർക്കാണ് സ്വീകരണമൊരുക്കുക.