പാട്ന: വിവാഹവേദിയിൽ വരന്റെ കൂട്ടുകാരും ബന്ധുക്കളും മദ്യപിച്ചെത്തി അലമ്പുണ്ടാക്കുന്ന കാഴ്‌ച ഇടയ്‌ക്കിടെ കാണാറുണ്ട്. എന്നാൽ വരൻ തന്നെ വിവാഹ വേദിയിൽ മദ്യപിച്ചെത്തിയാലോ? കാര്യങ്ങളെല്ലാം കുഴഞ്ഞത് തന്നെ. കഴിഞ്ഞ ദിവസം ബീഹാറിലെ ദുമാരിയിൽ ഇത്തരമൊരു സംഭവം നടന്നു. അടിച്ചു പൂസായി ആടിയാടി വിവാഹവേദിയിലെത്തിയ വരന്റെ ചെയ്‌തികൾ അതിരുകടന്നതോടെ വധുവിന് വിവാഹത്തിൽ നിന്നും പിന്മാറേണ്ടി വന്നു. ഇരുപതുകാരിയായ റിങ്കി കുമാരിയാണ് മദ്യപിച്ച് വിവാഹവേദിയിലെത്തിയ ബബ്‌ലു കുമാറിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് നിലപാടെടുത്തത്.
വിവാഹ ചടങ്ങുകൾ തുടങ്ങിയപ്പോൾ തന്നെ വരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നുവെന്ന് വധുവിന്റെ മാതാപിതാക്കൾ പറയുന്നു. മദ്യപിച്ച് സ്വബോധമില്ലാതെയാണ് വരൻ വേദിയിലെത്തിയത്. വിവാഹത്തിന് എത്തിയവരോടും വധുവിനോടും അയാൾ മോശമായാണ് പെരുമാറിയത്. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും വധുവിന്റെ മാതാപിതാക്കൾ വ്യക്തമാക്കി. അതേസമയം, കാര്യങ്ങൾ കൈവിട്ട് പോയതോടെ ഇരുകുടുംബങ്ങളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താൻ പിന്മാറില്ലെന്നായിരുന്നു വധുവിന്റെ നിലപാട്. ഇത്തരക്കാരനെ തനിക്ക് വരനായി വേണ്ടെന്ന് വധു കട്ടായം പിടിച്ചതോടെ വിവാഹം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.
എന്നാൽ നേരത്തെ പറഞ്ഞുറപ്പിച്ച് കൈമാറിയ സ്ത്രീധനത്തുക വരന്റെ വീട്ടുകാരിൽ നിന്നും ഈടാക്കിയ ശേഷമാണ് വിവാഹ മണ്ഡപത്തിൽ നിന്നും അവരെ നാട്ടുകാർ പോകാൻ അനുവദിച്ചത്. നാട്ടുകാരുടെ മുമ്പിൽ നാണം കെടുത്തിയതിനും വിവാഹവേദിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബബ്‌ലുവിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ വധുവിന്റെ ബന്ധുക്കൾ. 2016 മുതൽ മദ്യനിരോദനം നടപ്പിലാക്കിയിട്ടുള്ള ബീഹാറിൽ നിയമം തെറ്റിച്ചതിന് വരനും കൂട്ടർക്കുമെതിരെ നിയമനടപടിയുണ്ടാകുമെന്നും വിവരമുണ്ട്.