priya-prakash-varrier

സത്യങ്ങൾ താൻ തുറന്നു പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് നടി പ്രിയ പ്രകാശ് വാര്യർ. ഇൻസ്റ്റാ‌ഗ്രാമിലൂടെയാണ് പ്രിയയുടെ മുന്നറിയിപ്പ്.

'സത്യങ്ങൾ ഞാൻ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാൻ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം...കാരണം കർമ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങൾ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല'- പ്രിയ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

പുതുമുഖങ്ങളെ വച്ച് ഒമർ ലുലു സംവിധാനം ചെയ്‌ത ‌"ഒരു അഡാർ ലവ്" എന്ന സിനിമയെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് പ്രിയയുടെ ഈ തുറന്നു പറച്ചിൽ. ചിത്രത്തിൽ "മാണിക്യ മലരായ പൂവി" എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗങ്ങൾ പ്രിയയെ ലോകപ്രശസ്‌തയാക്കിയിരുന്നു. ആദ്യ ചിത്രം റിലീസിനെത്തും മുമ്പ് തന്നെ പ്രിയയ്‌ക്ക് ബോളിവുഡിലേക്കും ചുവടു വയ്‌ക്കാൻ സാധിച്ചു. അതേസമയം, ചിത്രം തിയേറ്ററിലെത്തിയപ്പോഴാണ് മറ്റൊരു കഥാപാത്രമായ നൂറിൻ ഷെരീഫിനെ പ്രേഷകർ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രിയയെയും നൂറിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പ്രതികരണങ്ങൾ വന്നിരുന്നു.

ചിത്രത്തിന്റെ റിലീസിനു മുമ്പ് പ്രിയയ്‌ക്കും റോഷനും ലഭിച്ച പ്രശസ്‌തിയും അംഗീകാരങ്ങളും ആദ്യമൊക്കെ തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും എന്നാൽ,​ ഇപ്പോൾ അതെല്ലാം മാറിയെന്നും നൂറിൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, നടി പ്രിയ പ്രകാശ് വാര്യർ കേവലം കണ്ണുചിമ്മുന്ന ഒരു പെൺകുട്ടിയായല്ല ഒരു സൂപ്പർതാരമായി ഒരിക്കൽ അറിയപ്പെടുമെന്ന് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്‌നൻ സിൻഹ പ്രതികരിച്ചിരുന്നു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.