loksabha-election

തിരുവനന്തപുരം: ബി.ജെ.പിയിലെ ജനപ്രിയ നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രന് ജയസാദ്ധ്യതയുള്ള സീറ്രുകൾ നിഷേധിക്കാൻ നീക്കമെന്ന് പാർട്ടിയിൽ ആരോപണം. ഇതോടെ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്‌ക്കെതിരെ നേതാക്കളുടെ പ്രതിഷേധം കനത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവയാണ് കൂടുതൽ ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളായി കേരളത്തിലെ ബി.ജെ.പി നേതൃത്വം കണക്കാക്കിയിരുന്നത്. ശബരിമല പ്രക്ഷോഭത്തോടെയാണ് പത്തനംതിട്ട മണ്ഡലം ഈ കൂട്ടത്തിലേക്ക് വന്നത്. തൃശൂരിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും സ്ഥാനാർത്ഥികളാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ പത്തനംതിട്ടയിൽ സുരേന്ദ്രനെ മത്സരിപ്പിക്കുമെന്നാണ് നേതാക്കൾ കരുതിയത്. എന്നാൽ, തിരുവനന്തപുരം സീറ്ര് കിട്ടാനായി ആഗ്രഹിച്ചിരുന്ന ശ്രീധരൻ പിള്ള കുമ്മനത്തിന്റെ വരവോടെ തനിക്ക് പത്തനംതിട്ടയെങ്കിലും മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണെന്നാണ് വിവരം.

ആർ.എസ്. എസ് നേതൃത്വമാണ് കുമ്മനത്തെ കൊണ്ടുവന്നത്. കുമ്മനത്തിന്റെ വരവ് മാദ്ധ്യമങ്ങളിലൂടെയാണ് പല നേതാക്കളും അറിഞ്ഞതു തന്നെ. നേരത്തെ കുമ്മനത്തിന്റെ വരവിനെ അനുകൂലിച്ച ബി.ജെ.പി വക്താവ് എം.എസ് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായോട് ആദ്യം കേരളത്തിലെ ആർ.എസ്. എസ് നേതൃത്വം ആവശ്യപ്പെട്ടപ്പേൾ കേരള ഘടകത്തിൽ നിന്ന് അത്തരമൊരു ആവശ്യം വന്നില്ലെന്നായിരുന്നു ദേശീയ നേതൃത്വം പറഞ്ഞിരുന്നത്.

ശബരിമല പ്രക്ഷോഭം തുടങ്ങുന്നതിന് മുമ്പേ തൃശൂരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം കെ.സുരേന്ദ്രനോടാവശ്യപ്പെട്ടിരുന്നു. ശബരിമല പ്രക്ഷോഭത്തോടെയാണ് തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ നിന്നും സുരേന്ദ്രൻ മത്സരിക്കണമെന്നാവശ്യം ഉയർന്നത്. സുരേന്ദ്രന് സീറ്റ് നൽകാതെ ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ മത്സരത്തിനിറങ്ങുകയാണെങ്കിൽ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബി.ജെ.പി പ്രവർത്തകർ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും കേൾക്കുന്നു. ഇന്ന് കോട്ടയത്ത് ചേരുന്ന ബി.ജെ.പി കോർ കമ്മിറ്രിയോഗത്തിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടാകും. ശ്രീധരൻ പിള്ള വഴങ്ങിയില്ലെങ്കിൽ ആർ.എസ്. എസ് ഇടപെടുമെന്നാണ് സൂചന.