ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിയതോടെ ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്. ഭരണത്തുടർച്ച നേടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും അധികാരം പിടിക്കാൻ മറ്റ് പ്രാദേശിക പാർട്ടികളും ശ്രമിക്കുന്നതോടെ തിരഞ്ഞെടുപ്പിൽ തീ പാറുമെന്ന് ഉറപ്പാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കഴിഞ്ഞ അഞ്ച് മാസത്തിനിടെ വർദ്ധിച്ചതായി സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. മുൻകാലങ്ങളേക്കാൾ നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇനിയും മുന്നേറാൻ ഉണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം നടത്തിയ സർവേയിൽ പറയുന്നു. എന്നാൽ ന്യൂനപക്ഷങ്ങൾക്കിടയിലും പട്ടികജാതി വിഭാഗത്തിനിടയിലും രാഹുൽ ഗാന്ധിക്ക് ജനപ്രീതി കൂടുതലാണെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.
തങ്ങളുടെ സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി വരണമെന്ന് ആഗ്രഹിക്കുമ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന് നിർദ്ദേശിച്ചവർ 33 ശതമാനം പേരാണ്. മോദി ഭരണത്തിൽ 48 ശതമാനം പേരും തൃപ്തി രേഖപ്പെടുത്തി. 2018ൽ 30 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് ഇത്. എല്ലാ പ്രായത്തിലുമുള്ള ആൾക്കാരും മോദിക്ക് പിന്തുണ നൽകുന്നുണ്ടെന്നും സർവേയിൽ കണ്ടെത്തി. എന്നാൽ ദളിത്, മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മോദിയുടെ ജനപ്രീതി ഇടിയുന്നുണ്ടെന്നും സർവേയിൽ പറയുന്നു. 61 ശതമാനം മുസ്ലീം മതവിശ്വാസികളും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ജനുവരിയിൽ ഇത് 57 ശതമാനമായിരുന്നു. ഈ വിഭാഗത്തിൽ 18 ശതമാനം മാത്രമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി കസേരയിൽ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മേൽക്കൈ നേടുമെന്ന് സി വോട്ടർ അഭിപ്രായ സർവേ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സർവേ പ്രകാരം എൻ.ഡി.എയ്ക്ക് 264 സീറ്റ് ലഭിക്കും. യു.പി.എയ്ക്ക് 141 സീറ്റാണ് ലഭിക്കുക. ഏപ്രിൽ 11നാണ് ലോക്സഭ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണൽ.