mohanlal

ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാനതാരമാണ് മോഹൻലാൽ. ഇന്ന് രാഷ്‌ട്രപതി ഭവനിൽ നടന്ന പദ്‌മ പുരസ്കാര ചടങ്ങിൽ പദ്‌മഭൂഷൺ ഏറ്റുവാങ്ങികൊണ്ട് ഇന്ത്യയ്‌ക്ക് മുന്നിൽ മലയാള സിനിമയുടെ അന്തസും അഭിമാനവും ഒരുപടി കൂടി ഉയർത്തിയിരിക്കുകയാണ് അദ്ദേഹം. നിത്യഹരിതനായകൻ പ്രേനസീറിന് ശേഷം ആദ്യമായാണ് ഒരു മലയാളനടന് പദ്‌മഭൂഷൺ ലഭിക്കുന്നത്.

പുരസ്‌കാരം സ്വീകരിച്ചതിനു ശേഷമുള്ള ലാലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു-

'പദ്‌മ പുരസ്‌കാരം ലഭിക്കുന്നത് രണ്ടാമത്തെ പ്രാവശ്യമാണ്. 2000ലാണ് പദ്‌മശ്രീ ലഭിച്ചത്. നമ്മൾ ചെയ്‌ത ജോലിക്ക് അല്ലെങ്കിൽ നമ്മൾ ചെയ്‌ത കർമ്മത്തിന് ഗവൺമെന്റ് ഒഫ് ഇന്ത്യ ഒരു പുരസ്കാരം തരിക. അത് സ്വീകരിക്കുമ്പോൾ വ്യക്തി എന്ന നിലയിലും ആക്‌ടർ എന്ന നിലയിലും വളരെയധികം അഭിമാനം തോന്നുന്നു. എന്റെ കൂടെ സഞ്ചരിച്ച, എന്റെ വീഴ്‌ചയിലെല്ലാം കൂടെ നിൽക്കുന്ന ഫാമിലിക്കും, സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കുമെല്ലാം ഇത് സമർപ്പിക്കുകയാണ്. തീർച്ചയായും ഒരുപാടു പേർക്ക് ഇത്തരത്തിലുള്ള അംഗീകാരം ലഭിക്കാനുള്ള സാധ്യതയുള്ള ഇൻഡസ്ട്രിയാണ് മലയാളസിനിമ. അതിനായി പ്രാർത്ഥിക്കുകയാണ്'.

പുരസ്‌കാരത്തിന് ശേഷം നമ്മുടെ നേതാക്കളെ ആരെങ്കിലും കണ്ടിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് 'എന്നുവച്ചാൽ?' എന്ന മറുചോദ്യമാണ് മോഹൻലാൽ ചോദിച്ചത്. 'എനിക്കങ്ങനെ രാഷ്‌ട്രീയമൊന്നുമില്ല. എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്. എല്ലാ പാർട്ടികളും എനിക്കു വേണ്ടപ്പെട്ടതു തന്നെ'- രാഷ്ട്രീയത്തെക്കുറിച്ചുയർന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു.

മോഹൻലാലിന് പുറമെ സംഗീതജ്ഞൻ കെ.ജി ജയൻ, കരിയാ മുണ്ഡാ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും പ്രഭുദേവ, ഡോ.മാമൻ ചാണ്ടി എന്നിവരും പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 112 പേർക്കാണ് ഇത്തവണ പത്മാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 56 പേർക്കാണ് ഇന്ന് പത്മപുരസ്‌കാരം വിതരണം ചെയ്‌തത്. പത്മ പുരസ്‌കാര ജേതാക്കളായ മലയാളികൾക്ക് ഇന്ന് വൈകിട്ട് ആറിന് കേരള ഹൗസിൽ സ്വീകരണമൊരുക്കും.