തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കി ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വ്യക്തമാക്കി. ഇത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയ കമ്മിഷൻ നാളെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിക്കുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളെക്കുറിച്ച് പാർട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും കമ്മിഷൻ അറിയിച്ചു. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉപയോഗിക്കുന്നതും യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാകും. ശബരിമല പ്രശ്നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തിൽ രാഷ്ട്രീയ കക്ഷികൾ ഉപയോഗിച്ചാൽ അത് ചട്ടലംഘനമാകും. വിഷയത്തിൽ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും. ചർച്ചയിൽ ഏത് ഘട്ടം വരെ പ്രചാരണത്തിന്റെ പരിധി ആകാമെന്ന കാര്യത്തിൽ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയിൽ വരുന്ന രീതിയിൽ ശബരിമല വിഷയത്തെ ഉപയോഗിച്ചാൽ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.