p-jayarajan

തിരുവനന്തപുരം: കൊലചെയ്യപ്പട്ട ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനും താനും ഒരുമിച്ച് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം നേതാവുമായ പി.ജയരാജയൻ രംഗത്തെത്തി. നാൽപ്പാടി വാസു കേസിലെ എഫ്.ഐ.ആറിൽ നിന്നും കോൺഗ്രസ് നേതാവ് കെ.സുധാകരനെ ഒഴിവാക്കിയതിനെതിരെ കോഴിക്കോട് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയതിനാണ് തന്നെയും ടി.പിയെയും ജയിലിൽ അടച്ചത്. ഇപ്പോഴത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ആർ.എം.പി നേതാവ് കെ.വേണുവും കൂടെയുണ്ടായിരുന്നു. സി.പി.എം വിട്ടശേഷം പാർട്ടിയിലേക്ക് തിരിച്ച് വരുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ അവസാന നിമിഷം ചില ശക്തികൾ തടഞ്ഞതാണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മുമായി ശത്രുത വച്ചുപുലർത്തുന്നത് ശരിയല്ലെന്ന് ആർ.എം.പിയിൽ തന്നെ അഭിപ്രായമുണ്ടായിരുന്നു. തുടർന്ന് അക്കാലത്ത് വേണുവുമായി അരമണിക്കൂറോളം സംസാരിച്ചു. ടി.പിയെ കൂട്ടി വരാമെന്ന് പറഞ്ഞാണ് പോയതെങ്കിലും പിന്നീട് അതുണ്ടായില്ല. തിരുവനന്തപുരത്ത് വച്ച് കൂടിക്കാഴ്‌ച നടത്താമെന്ന് നിശ്ചയിച്ചെങ്കിലും അവസാന നിമിഷം നടന്നില്ല. ഏതോ ഒരു ശക്തി അദ്ദേഹത്തെ പിന്മാറാൻ നിർബന്ധിച്ചു. ചർച്ച നടക്കുന്ന കാര്യം അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അടക്കമുള്ളവർക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പിന്നീട് ചർച്ച നടന്ന കാര്യമൊക്കെ നിഷേധിച്ച് തങ്ങളെയൊക്കെ കേസിൽ പ്രതിയാക്കാനായിരുന്നു വേണു അടക്കമുള്ളവർ ശ്രമിച്ചത്. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.