ലോസ് ഏഞ്ചൽസ്: ലൈംഗികാതിക്രമങ്ങളുടെ വെളിപ്പെടുത്തലുകളുമായി തുടങ്ങിവച്ച 'മീ ടൂ' കാമ്പെയിനിന്റെ അലയൊലികൾ ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ ഇന്നും നിലച്ചിട്ടില്ല. പ്രത്യേകിച്ചും സിനിമാമേഖലയിൽ. വാർണർ ബ്രദേഴ്സ് ചെയർമാനും സി.ഇ.ഒയുമായ കെവിൻ സുജിഹാരയാണ് ഏറ്റവും ഒടുവിലായി മീടൂവിൽപെട്ടിരിക്കുന്നത്.
അഭിനയിക്കാൻ ചാൻസ് തേടുന്നവരെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു എന്നതാണ് ജപ്പാൻകാരനായ സുജിഹാരയ്ക്ക് എതിരായ പരാതി. പരാതിക്കാരിയാകട്ടെ ബ്രിട്ടീഷ് സുന്ദരി ഷാർലറ്റ് കിർക്കും. അവസരങ്ങൾ തേടിയ 26കാരിയായ ഷാർലറ്റ് കിർകും സുജിഹാരയും 2013 ൽ കൈമാറിയ സന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. 54കാരനായ സുജിഹാരയെയും കിർക്കിനെയും തമ്മിൽ പരിചയപ്പെടുത്തിയ ആസ്ട്രേലിയൻ കോടീശ്വരൻ ജെയിംസ് പാക്കറെയും കിർക് ബന്ധപ്പെട്ടു എന്ന സൂചനയും സന്ദേശങ്ങളിൽ ഉണ്ട്.
ഒരുകാലത്ത് കിർക്കിന്റെ കാമുകനായിരുന്നു ജെയിംസ് പാക്കർ.“നിങ്ങൾ വളരെ തിരക്കിലാണ് എന്നെനിക്കറിയാം. പക്ഷെ അന്നൊരിക്കൽ മോട്ടലിൽ ലൈംഗിക ബന്ധത്തിൽ ഏർപെട്ടപ്പോൾ നിങ്ങൾ എന്നെ സഹായിക്കാം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ നിങ്ങൾ എന്നെ അവഗണിക്കുന്നു,” ഒരു സന്ദേശത്തിൽ കിർക് പറയുന്നു. പാക്കറുടെ ഒരു 45 കോടി ഡോളർ ഇടപാട് തീർക്കാൻ തന്നെ ഉപയോഗിച്ചു എന്ന സംശയവും കിർക് ഉയർത്തുന്നുണ്ട്.
അടുത്ത രണ്ടുദിവസങ്ങൾക്കുള്ളിൽ വിവാദത്തെ ചുറ്റിപ്പറ്റിയുള്ള തന്റെ പങ്ക് വ്യക്തമാക്കാം എന്നാണ് കിർക്ക് കഴിഞ്ഞദിവസം പറഞ്ഞത്. അതേസമയം, സുജിഹാരയ്ക്കു എതിരായ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങുകയാണ് വാർണർ മീഡിയ.